7,400 കിലോ പഴകിയ ഭക്ഷണവും അനധികൃത ഉപകരണങ്ങളും പിടിച്ചെടുത്തു; ഒമാനിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടി
ഫുഡ് കൺട്രോൾ ആന്റ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 14 ഇടങ്ങളിലായിരുന്നു പരിശോധന
മസ്കത്ത്: ഒമാനിലെ അൽ കാമിൽ വൽ വാഫി മുനിസിപ്പാലിറ്റിയിൽ ഉപയോഗ്യത്തിന് യോഗ്യമല്ലാത്ത 7,400 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് മുനിസിപ്പാലിറ്റി അധികൃതരുടെ നടപടി. മാനദണ്ഡങ്ങൾ പാലിക്കാത്ത 8 ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മുനിസിപ്പാലിറ്റിയുടെ ഫുഡ് കൺട്രോൾ ആന്റ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മാംസം, മത്സ്യം, കോഴിയറച്ചി, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെടെ 14 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. സൗത്ത് ശർഖിയ മുനിസിപ്പാലിറ്റിയുടെ കണക്കനുസരിച്ച് പരിശോധനയിൽ 5 നിയമലംഘനങ്ങൾ കണ്ടെത്തുകയും 3 സ്ഥാപനങ്ങൾക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.