Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഒമാനും ഉസ്ബക്കിസ്താനും. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഉസ്ബക്കിസ്താൻ വിദേശകാര്യ മന്ത്രി ബക്തിയോർ സൈദോവും ഫോൺ സംഭാഷണമാണ് നടത്തിയത്.
സാമ്പത്തികം, വ്യാപാരം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതും പുതിയ നിക്ഷേപ പദ്ധതികൾക്ക് അവസരമൊരുക്കുന്നതും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. ലോജിസ്റ്റിക്സ്, ഗതാഗത സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ നിലവിലുള്ള സാധ്യതകളെ ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ സംയുക്ത പദ്ധതികളാക്കി മാറ്റുന്നതിനെക്കുറിച്ചും മന്ത്രിമാർ അഭിപ്രായങ്ങൾ കൈമാറി. പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചയിൽ വിലയിരുത്തി. പ്രതിസന്ധികൾക്ക് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമാധാനപരമായി പരിഹാരം കാണാണമെന്ന് മന്ത്രിമാർ പറഞ്ഞു. അതേസമയം, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും ഒമാൻ വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്യുകയും ചെയ്തു.