തിരികെ പോകാൻ വിമാനം ലഭിക്കാത്ത സാഹചര്യം; ഉംറ തീർഥാടകർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്
നിലവിൽ കുടുങ്ങിയവർ വിവരം കോൺസുലേറ്റിനെ അറിയിക്കണമെന്ന് അധികൃതർ
ജിദ്ദ: സൗദിയിലേക്ക് പുതുതായി ഉംറക്ക് വരുന്നവർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്. കണക്ഷൻ വിമാനങ്ങളിലും മറ്റും സൗദിയിലെത്തുന്നവർ നിലവിലെ സാഹചര്യം പരിഗണിക്കണമെന്നും തിരികെ പോകാൻ വിമാനങ്ങൾ ലഭിക്കാത്തതാണ് സാഹചര്യമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ നിലവിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അറിയിച്ചു.
അതേസമയം, നിലവിൽ കുടുങ്ങിയവർ വിവരങ്ങൾ കോൺസുലേറ്റിനെ അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു. ബദൽ സംവിധാനമൊരുക്കാൻ ഇന്ത്യൻ മിഷന് കീഴിൽ ശ്രമം തുടരുകയാണെന്നും അറിയിച്ചു. വിമാന സർവീസ് റദ്ദായതിനെ തുടർന്ന് കുടുങ്ങിയവർ സഹായത്തിന് ജിദ്ദ, മക്ക ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ്ഡസ്കിൽ ബന്ധപ്പെടണം. അതേസമയം, വ്യക്തിഗത വിവരങ്ങൾ, പാസ്പോർട്ട് കോപ്പികൾ എന്നിവ പരസ്യമായി പങ്കുവെക്കരുതെന്ന് അധികൃതർ ഓർമിപ്പിച്ചു. കോൺസുലേറ്റിന്റെ മക്കയിലെ ഹെൽപ് ലൈൻ: +966 553646966.
സഹായത്തിനായി കോൺസുലേറ്റിന്റെ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടുന്നവർ താഴെ പറയുന്ന വിവരങ്ങൾ കൈവശം കരുതുക:
1. പൂർണമായ പേര്, പാസ്പോർട്ട് നമ്പർ, വിസ നമ്പർ (ബാധകമെങ്കിൽ)
2. സൗദിയിലെ ഉംറ സേവന ദാതാവിന്റെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും
3. ഇന്ത്യയിലെ ടൂർ ഓപ്പറേറ്ററുടെ/ട്രാവൽ ഏജൻസിയുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും
4. വിമാന കമ്പനി, നിശ്ചയിച്ചിരുന്ന യാത്രാ തീയതി, ബുക്കിങ് റഫറൻസ് നമ്പർ
5. ഒരു സംഘത്തിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ആകെ എണ്ണം, സൗദിയിൽ നിലവിൽ കഴിയുന്ന സ്ഥലം, സംഘത്തലവന്റെ/കോർഡിനേറ്ററുടെ പേരും ഫോൺ നമ്പറും.
ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കാനായി ജിദ്ദയിലും മക്കയിലും കോൺസുലേറ്റ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വ്യക്തിഗത വിവരങ്ങൾ കോൺസുലേറ്റിന്റെ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമേ പങ്കിടാവൂവെന്നും സമൂഹ മാധ്യമങ്ങളിൽ കമന്റുകളിലോ മറ്റോ ഇത്തരം വിവരങ്ങൾ നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.