ഹോർമുസിൽ ഐ ഫോണുകളും പെർഫ്യൂമുകളും ഒഴുകുന്നു; കപ്പൽ തകർന്നതെങ്ങിനെ?
സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത ജി എഫ് സി പ്രൈഡ് എന്ന കപ്പലാണ് മുങ്ങിയത്
ഹോർമുസ് കടലിടുക്കിൽ മുങ്ങിയ കണ്ടെയ്നർ കപ്പലിൽനിന്നുള്ള ഐഫോണുകളും വിലകൂടിയ പെർഫ്യൂമുകളും കടലിൽ ഒഴുകുന്നതായി ദൃശ്യങ്ങൾ. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത ജി എഫ് സി പ്രൈഡ് എന്ന കപ്പലാണ് മുങ്ങിയത്. കപ്പൽ അജ്ഞാതമായ പ്രൊജക്ടൈൽ പതിച്ചതിനെ തുടർന്ന് തീപിടിച്ച് മുങ്ങിയെന്നാണ് സിംഗപ്പൂർ സമുദ്ര അതോറിറ്റിയുടെ വിശദീകരണം. എന്നാൽ കടൽമൈനിൽ ഇടിച്ചാണ് കപ്പൽ മുങ്ങിയതെന്നാണ് ഇറാന്റെ അവകാശവാദം. കപ്പലിലെ ചരക്കുകളെക്കുറിച്ചും വൈറൽ ദൃശ്യങ്ങളെക്കുറിച്ചും നിലവിൽ വ്യക്തമായ സ്ഥിരീകരണമില്ല
കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അതോറിറ്റി വ്യക്തമാക്കി. കപ്പലിൽ 2,500-ലധികം കണ്ടെയ്നറുകൾ ഉണ്ടായിരുന്നുവെന്നും ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം, അൻപതിനായിരത്തിലധികം ഐഫോണുകളും വിലകൂടിയ പെർഫ്യൂമുകളും കപ്പലിലുണ്ടായിരുന്നുവെന്നും നൂറ് മില്യൺ ഡോളറിലധികം നഷ്ടമുണ്ടായെന്നുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചരക്കുകളുടെ കൃത്യമായ വിവരങ്ങൾ സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നിട്ടില്ല. വൈറൽ ദൃശ്യങ്ങൾ ഈ കപ്പലിൽ നിന്നുള്ളതാണോ എന്ന കാര്യത്തിലും സ്വതന്ത്ര സ്ഥിരീകരണമില്ല.