ഖത്തറിൽ ഇനി തണുപ്പുള്ള രാത്രികൾ;അൽ വസ്മ് സീസണിന് നാളെ തുടക്കമാകും
ഖത്തർ കലണ്ടർ ഹൗസാണ് സീസണിന്റെ വരവ് പ്രഖ്യാപിച്ചത്
ദോഹ: ഖത്തറിൽ അൽ വസ്മ് സീസണിന് നാളെ തുടക്കമാകും. പകൽ മിതമായ ചൂടും രാത്രി തണുപ്പും അനുഭവപ്പെടും എന്നതാണ് സീസണിന്റെ പ്രധാന സവിശേഷത. മഴയ്ക്കും സാധ്യതയുണ്ട്. ഖത്തർ കലണ്ടർ ഹൗസാണ് സീസണിന്റെ വരവ് പ്രഖ്യാപിച്ചത്. നാലു മാസം നീണ്ട കടുത്ത വേനൽച്ചൂടിന് ശേഷമാണ് രാജ്യം പതിയെ തണുപ്പിലേക്ക് നീങ്ങുന്നത്. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് അൽ വസ്മ് സീസൺ. ഇക്കാലയളവിൽ ദേശാടനപ്പക്ഷികളുടെ വരവ് വർധിക്കും. മരുഭൂമിയിൽ പ്രത്യേകതരം കൂൺ വിഭാഗമായ ട്രഫ്ൾസ് മുളയ്ക്കുന്നും ഈ സമയത്താണ്.
അടയാളപ്പെടുത്തൽ എന്നാണ് അൽ വസ്മ് എന്ന അറബി പദത്തിന് അർഥം. മരുഭൂമിയിലെ വരൾച്ചയിൽ പച്ചപ്പിന്റെയും സസ്യവളർച്ചയുടെയും അടയാളങ്ങൾ പതിയുന്ന കാലമായതു കൊണ്ടാണ് ഈ സീസണ് അൽ വസ്മ് എന്ന പേരു ലഭിച്ചത്. അറേബ്യൻ മരുഭൂമികളിൽ രാത്രികാല ക്യാമ്പുകൾ സജീവമാകുന്നതും ഇക്കാലത്താണ്.