മഴയെ വരവേറ്റ് ഖത്തർ; തെക്കുപടിഞ്ഞാറൻ മേഖലകളിൽ പരക്കെ മഴ
പലയിടങ്ങളിലും മേഘാവൃതമായ കാലാവസ്ഥയായിരുന്നു.
ദോഹ: കടുത്ത വേനൽച്ചൂടിന് ശേഷം മഴയെ വരവേറ്റ് ഖത്തർ. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് മഴ പെയ്തത്. പലയിടങ്ങളിലും മേഘാവൃതമായ കാലാവസ്ഥയായിരുന്നു.
തലസ്ഥാനമായ ദോഹയുടെ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അൽ കറാനയിൽ 10.7 മില്ലീമിറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മേഖലയിലെ മെറ്റീരിയോളജിക്കൽ സ്റ്റേഷനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പങ്കുവച്ചത്. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ബെയ്ദ് അൽ ഖായിൽ 6.3 മില്ലീമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൺസൂൺ സീസണ് മുന്നോടിയായുള്ള പ്രതിഭാസമായ അൽ ഹഖ്ബാൻ കാലയളവിലാണ് വിവിധയിടങ്ങളിൽ മഴ രേഖപ്പെടുത്തുന്നത്.
ഇക്കാലയളവിൽ വിവിധ പ്രദേശങ്ങളിൽ ചിന്നംപിന്നം മഴയ്ക്കും ചില സമയങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. രാജ്യത്തിന്റെ കിഴക്കൻ തീരത്തുനിന്നും പടിഞ്ഞാറൻ തീരത്തുനിന്നും വീശുന്ന കടൽക്കാറ്റുകൾ മധ്യഭാഗങ്ങളിൽ സംഗമിക്കുന്നതാണ് മേഘങ്ങൾ രൂപപ്പെടാനുള്ള കാരണം. 38 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസ്.