വാടകയും ജീവിതച്ചെലവും കൂടി; സൗദിയിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നു

വീട്ടുവാടകയിൽ മാത്രം 3.5 ശതമാനം ഉയർച്ച രേഖപ്പെടുത്തി

Update: 2026-10-15 09:59 GMT

റിയാദ്: സൗദിയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറിൽ 1.9 ശതമാനമായി ഉയർന്നു. ആഗസ്റ്റിൽ 1.8 ശതമാനമായിരുന്ന നിരക്കിലാണ് നേരിയ വർധനവുണ്ടായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉപഭോക്തൃ വിലസൂചിക 105.8 പോയിന്റിലെത്തി. മുൻവർഷം ഇതേ കാലയളവിൽ ഇത് 103.8 പോയിന്റായിരുന്നു. പാർപ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ചെലവുകളിൽ രേഖപ്പെടുത്തിയ 3.6 ശതമാനം വർധനവാണ് പ്രധാനമായും വിലക്കയറ്റത്തിന് വഴിയൊരുക്കിയത്. വീട്ടുവാടകയിൽ മാത്രം 3.5 ശതമാനം ഉയർച്ച രേഖപ്പെടുത്തി. ഇതിനുപുറമെ ഭക്ഷ്യ-പാനീയ വിലയിൽ 1.4 ശതമാനവും യാത്രാച്ചെലവിൽ 2.3 ശതമാനവും വർധനവുണ്ടായിട്ടുണ്ട്.

Advertising
Advertising

രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പണപ്പെരുപ്പ നിരക്കിൽ പ്രകടമായ വ്യത്യാസങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മക്ക, കിഴക്കൻ പ്രവിശ്യ, അസീർ തുടങ്ങിയ പ്രദേശങ്ങളിൽ വാർഷിക പണപ്പെരുപ്പം ഉയർന്നപ്പോൾ ചില മേഖലകളിൽ വിലക്കയറ്റം കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു. അൽ ജൗഫിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് (4.2 ശതമാനം). വടക്കൻ അതിർത്തി പ്രവിശ്യയിൽ 3.6 ശതമാനമാണ് പണപ്പെരുപ്പം. എന്നാൽ ഖസീമിൽ മൈനസ് 1.3 ശതമാനം എന്ന നിലയിൽ വിലക്കുറവ് (ഡിഫ്‌ലേഷൻ) രേഖപ്പെടുത്തി. കൃത്യത ഉറപ്പാക്കാനായി 2023 അടിസ്ഥാന വർഷമാക്കി കണക്കുകൂട്ടൽ രീതികളിൽ അതോറിറ്റി അടുത്തിടെ വിപുലമായ പരിഷ്‌കാരങ്ങൾ വരുത്തിയിരുന്നു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News