വെളുത്ത വിവാഹ വസ്ത്രം പുതച്ച് അസ്സ റംസിക്ക് കണ്ണീരോടെ വിട
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തിലാണ് ഈജിപ്ത് സ്വദേശിനി മരിച്ചത്
ജിദ്ദ: റിയാദ് വിമാനത്താവളത്തിൽ കഴിഞ്ഞ ശനിയാഴ്ച ഹൂതികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഈജിപ്ഷ്യൻ യുവതി അസ്സ റംസിക്ക് കണ്ണീരോടെ വിട. വിവാഹത്തിനായി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് 28-കാരിയായ അസ്സയുടെ ജീവിതം അപ്രതീക്ഷിതമായി അവസാനിച്ചത്. വെളുത്ത വിവാഹ വസ്ത്രം പുതച്ചാണ് അസ്സ റംസിയെ അവസാനമായി യാത്രയാക്കിയത്.സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസിൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്യുകയായിരുന്നു അസ്സയും സഹോദരിയും. ജോലിക്കിടെയാണ് ദാരുണമായ അന്ത്യം. ഈജിപ്തിലെ അസ്സയുടെ അൽ അത്ഫ് ഗ്രാമത്തിലാണ് മൃതദേഹം ഖബറടക്കിയത്.
കുടുംബവീട്ടിൽനിന്ന് മൃതദേഹം വഹിച്ച പെട്ടിക്കു മുകളിൽ വിരിച്ചത് അസ്സയുടെ വെളുത്ത വിവാഹവസ്ത്രം. മനസ്സിനെ ഉലക്കുന്ന ആ കാഴ്ച ഗ്രാമത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി. സമൂഹമാധ്യമങ്ങളിലുൾപ്പെടെ അസ്സയുടെ അന്ത്യയാത്രയുടെ ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെച്ചു. റിയാദ് വിമാനത്താവളത്തിലെ ആക്രമണം നിരവധി കുടുംബങ്ങളുടെ ജീവിതത്തിലാണ് തീരാനഷ്ടം വരുത്തിയത്. അതിലൊന്നാണ് അസ്സ റംസിയുടെ ഈ നോവേറുന്ന കഥ. ഇന്ത്യക്കാരൻ അടക്കം 13 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസുഫ് അലി (46)യുടെ ഖബറടക്കം സൗദിയിൽ തന്നെ നടന്നു. സൗദിയിൽ ഐടി പ്രഫഷനലായ യൂസുഫ് അലിയുടെ ഭാര്യക്കും മക്കൾക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മലയാളിയായ പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.