കിഴക്കൻ സൗദിയിൽ ലോകകപ്പ് സ്റ്റേഡിയം ഉൾപ്പെടെ 130 പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു
ദമ്മാം: കിഴക്കൻ സൗദിയുടെ മുഖച്ഛായ മാറ്റുന്ന വമ്പൻ വികസന പദ്ധതികൾ ഉടൻ നാടിന് സമർപ്പിക്കും. കിഴക്കൻ പ്രവിശ്യാ വികസന അതോറിറ്റി ആക്ടിങ് സി.ഇ.ഒ ഡോ. തലാൽ അൽ-മഗ്ലൂത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. 2,400 കോടിയിലേറെ റിയാൽ മുതൽമുടക്കിൽ നിർമിക്കുന്ന നൂറ്റിമുപ്പതിലേറെ പദ്ധതികളുടെ നിർമ്മാണ പ്രവൃത്തികളാണ് നിലവിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ സംരംഭങ്ങൾ ഈ വർഷവും വരും വർഷങ്ങളിലുമായി ഘട്ടങ്ങളായി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അരാംകോ വേൾഡ് കപ്പ് സ്റ്റേഡിയം, നബ്ദ് അൽ ഖോബാർ, അജ്ദാൻ, ബേഫ്രണ്ട്, അവന്യൂസ്, അൽ ഒതൈം സർക്കിൾ, അൽ ഒതൈം പാർക്ക് തുടങ്ങിയ വമ്പൻ പദ്ധതികളാണ് നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിട്ടുള്ളത്. കിഴക്കൻ മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വളർച്ച മുൻനിർത്തി നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം വൻതോതിലുള്ള നിക്ഷേപ സാധ്യതകൾക്കും പുത്തൻ തൊഴിലവസരങ്ങൾക്കും വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.