ഒമാനിലെ ബിസ്യ - സലൂട്ട് വിസിറ്റേഴ്‌സ് സെന്റർ ശ്രദ്ധനേടുന്നു

2023 ഫെബ്രുവരിയിലാണ് കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്

Update: 2026-10-10 19:12 GMT

മസ്കത്ത്: 5000 വർഷത്തിലധികം പഴക്കമുള്ള ഒമാന്റെ സമ്പന്നമായ പാരമ്പര്യത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന ബാഹ്‌ലയിലെ ബിസ്യ - സലൂട്ട് വിസിറ്റേഴ്‌സ് സെന്റർ ശ്രദ്ധനേടുന്നു. ചരിത്രപ്രേമികൾക്കും ഗവേഷകർക്കും വേറിട്ട അനുഭവം സമ്മാനിക്കുന്ന കേന്ദ്രം, രാജ്യത്തെ സാംസ്കാരിക ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ്.‍ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം 2023 ഫെബ്രുവരിയിലാണ് കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

പുരാതന കാലത്തെ മനുഷ്യജീവിതത്തിന്റെയും, പ്രകൃതിവിഭവങ്ങൾ പ്രയോജനപ്പെടുത്തിയതിന്റെയും അപൂർവ്വ കാഴ്ചകളാണ് വിസിറ്റേഴ്‌സ് സെന്ററിലൂടെ പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നത്. വെങ്കലയുഗം ഇരുമ്പുയുഗം,യുനെസ്കോ ലോക പൈതൃക വിഭാഗം എന്നിങ്ങനെ മൂന്ന് പ്രധാന ഹാളുകളിലായാണ് പ്രദർശനം. ഈ കാലഘട്ടങ്ങളിലെ മനുഷ്യവാസത്തിന്റെ തെളിവുകളും പുരാവസ്തുക്കളും സന്ദർശകർക്ക് നേരിട്ട് കാണാം. പുരാതന കാലത്തെ കൃഷി, ഖനനം, വ്യാപാരം എന്നിവ വ്യക്തമാക്കുന്ന 344-ലധികം അപൂർവ്വ പുരാവസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ ചെമ്പ്/വെങ്കല ആയുധങ്ങൾ, മൺപാത്രങ്ങൾ, കല്ല് കൊണ്ടുള്ള പാത്രങ്ങൾ, പ്രാചീന മുദ്രകൾ എന്നിവ ഉൾപ്പെടുന്നു.

പ്രാദേശികമായി കണ്ടെത്തിയ സിന്ധ് , മെസൊപ്പൊട്ടേമിയൻ സംസ്കാരങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളുടെ തെളിവുകളും കാണാം. ഡിജിറ്റൽ ഇന്ററാക്ടീവ് സ്ക്രീനുകൾ, ഗവേഷണ ലബോറട്ടറികൾ, വർക്ക്‌ഷോപ്പുകൾക്കായി ഒരുക്കിയ ഫീൽഡ് ക്ലാസ് റൂമുകൾ എന്നിവ സെന്ററിന്റെ പ്രത്യേകതയാണ്. പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള തലത്തിൽ ഒമാന്റെ പൈതൃക മഹിമ വിളിച്ചോതുന്നതുകൂടിയാണ് ബിസ്യ - സലൂട്ട്. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News