മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡ് ഒമാൻ: പുരസ്‌കാര പ്രഖ്യാപനം ഇന്ന്
കോവിഡ് കാലത്ത് സാമൂഹ്യ സേവനത്തിന് ധീരമായി നേത്യത്വം നൽകിയ 11 കൂട്ടായ്മകളെയാണ് അവാർഡിനായി പ്രത്യേക ജൂറി ഒമാനിൽ നിന്ന് തെരഞ്ഞെടുത്തിട്ടുള്ളത്.
മസ്‌കത്ത്: കോവിഡ് കാലത്ത് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൂട്ടായ്മകളെയും വ്യക്തികളെയും ആദരിക്കുന്ന മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡിന്റെ ഒമാൻ പുരസ്‌കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഒമാൻ സമയം രാത്രി പത്തിന് മീഡിയ വൺ മിഡ് ഈസ്റ്റ് അവറിലൂടെയാണ് പ്രഖ്യാപനം ഉണ്ടാവുക. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മുനവ്വറലി ശിഹാബ് തങ്ങൾ, സംവിധായകൻ കമൽ എന്നിവരാണ് അവാർഡ് പ്രഖ്യാപനം നടത്തുന്നത്.
കോവിഡ് കാലത്ത് സാമൂഹ്യ സേവനത്തിന് ധീരമായി നേത്യത്വം നൽകിയ 11 കൂട്ടായ്മകളെയാണ് അവാർഡിനായി പ്രത്യേക ജൂറി ഒമാനിൽ നിന്ന് തെരഞ്ഞെടുത്തിട്ടുള്ളത്. അതിൽ ഏഴ് അസോസിയേഷനുകൾ മസ്‌കത്തിൽ നിന്നുമാണ് .കൂടാതെ മസ്‌കത്തുമായി ബന്ധമില്ലാതെ സലാലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന നാല് അസോസിയേഷനുകളുമാണുള്ളത്. ലഭ്യമായ നിരവധി അപേക്ഷകളിൽ നിന്നും നിർദേശങ്ങളിൽ നിന്നുമാണ് അവാർഡിനർഹരായവരെ കണ്ടെത്തിയിരിക്കുന്നത്.വ്യക്തിഗത അവാർഡിനായി ലഭ്യമായ നിരവധി നോമിനേഷനുകളിൽ നിന്ന് മുന്ന് പേരെയും ജൂറി തെരഞ്ഞെടുത്തിട്ടുണ്ട്. അവാർഡ് വിതരണം ജനുവരി ആദ്യത്തിൽ മസ്‌കത്തിൽ വെച്ച് ഉണ്ടാകുമെന്ന് മീഡിയ വൺ മിഡിൽ ഈസ്റ്റ് ഡയറക്ൾടർ സലിം അമ്പലൻ അറിയിച്ചു. ഒമാനിലെ പ്രമുഖരായ കൊമേഷ്യൽ സ്ഥാപനങ്ങളെ പങ്കാളിയാക്കിയാണ് മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡ് സംഘടിപ്പിക്കുന്നത്.
കോർഡിനേഷൻ കമ്മിറ്റിയിൽ സീനിയർ ജനറൽ മാനേജർ ഷബീർ ബക്കർ, ജി.സി.സി എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, ഈവന്റ് കൺവീനർ ഷക്കീൽ ഹസൻ, കോ-ഓർഡിനേറ്റർ കെ.എ.സലാഹുദ്ദീൻ, മസ്‌കത്ത് റിപ്പോർട്ടർ ബിനു.എസ്.കൊട്ടാരക്കര എന്നിവരും സംബന്ധിച്ചു.