'അൽ മസ്‌കാൻ' ലേബർ വില്ലേജിന്റെ നിർമ്മാണം 90% പൂർത്തിയായി
25 മില്യൺ റിയാൽ ചെലവിൽ 22 മാസത്തിനുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്.
മസ്‌കത്ത്: സൗത്ത് ബാത്തിനയിലെ ഖാസെൻ എകണോമിക് സിറ്റിയിൽ നിർമിക്കുന്ന അൽ മസ്‌കാൻ' ലേബർ വില്ലേജിന്റെ നിർമ്മാണം 90% പൂർത്തിയായി.25 മില്യൺ റിയാൽ ചെലവിൽ നിർമിക്കുന്ന പദ്ധതിയുടെ 90% ജോലികളും പൂർത്തിയായി. 22 മാസത്തിനുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്.
55,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഈ ഗ്രാമം, പ്രദേശത്തെ തൊഴിലാളികൾക്കുള്ള ആദ്യത്തെ സംയോജിത താമസ സൗകര്യമാണ്. സ്വയം സുസ്ഥിരമായ സാമ്പത്തിക കേന്ദ്രം സൃഷ്ടിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് ഖാസെൻ ഇക്കണോമിക് സിറ്റിയുടെ സി.ഇ.ഒ സലീം ബിൻ സുലൈമാൻ അൽ ധുഹ്ലി ഒമാൻ ന്യൂസ് ഏജൻസിയുമായി പങ്കുവെച്ചു.
5,000-ത്തിലധികം ജീവനക്കാരെ ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്ത ഉയർന്ന ജീവിത നിലവാരമുള്ള പാർപ്പിട സമുച്ചയങ്ങളാണ് നിർമിച്ചത്. ഈ വർഷം പകുതിയിൽ വില്ലേജ് തൊഴിലാളികൾക്കായി തുറന്നു കൊടുക്കും. ഷോപ്പിംഗ് സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, ബാങ്കുകൾ, ജിമ്മുകൾ, കായിക സൗകര്യങ്ങൾ, പള്ളി, ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടെയുള്ള സംയോജിത സേവന സമുച്ചയവും പദ്ധതിയുടെ ഭാഗമായി സജ്ജമാക്കി. തന്ത്രപരമായി സ്ഥിതി ചെയ്യുന്ന, ലേബർ വില്ലേജിന് ചുറ്റും ഖസാൻ ലാൻഡ് പോർട്ട്, ഖാസെൻ ലോജിസ്റ്റിക് സെന്റർ, മെഡിസിൻ സിറ്റി, പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള സെൻട്രൽ മാർക്കറ്റ് ഉള്ള ഫുഡ് സിറ്റി തുടങ്ങിയ പ്രധാന പദ്ധതികളും ചുറ്റുമുണ്ട്.