ദുബൈ കിരീടാവകാശിക്ക് ഒമാനിൽ ഊഷ്മള വരവേൽപ്പ്
ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
മസ്‌കത്ത്: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഒമാനിൽ ഊഷ്മള വരവൽപ്പ്. മസ്‌കത്ത് റോയൽ വിമാനത്താവളത്തിൽ എത്തിയ ശൈഖ് ഹംദാനെ ഒമാൻ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയീദ് ദീ യസിൻ ബിൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽബറക്ക കൊട്ടാരത്തിൽ ശൈഖ് ഹംദാനുമായി കൂടിക്കാഴ്ച നടത്തി, ഇരുരാജ്യങ്ങൾക്കുമിടയിൽ രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളിലെ സഹകരണം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ശൈഖ് ഹംദാനും സുൽത്താൻ ഹൈതം ബിൻ താരിഖും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി വിവിധ മേഖലകളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള വഴികളും പങ്കുവെച്ചു. കൂടാതെ പ്രാദേശിക, അന്തർദേശീയ മേഖലകളിലെ സംഭവവികാസങ്ങളെയും അഭിസംബോധന ചെയ്തു. തുടർന്ന് മന്ത്രിസഭയുടെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദുമായും ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി.
ഒമാന്റെ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദും ദുബൈ കിരീടവകാശിക്ക് സ്വീകരണം നൽകി. അൽ മുർതഫ ക്യാമ്പിൽ സയ്യിദ് ദീ യസീനോടൊപ്പമെത്തിയ ശൈഖ് ഹംദാനെ ഗാർഡ് ഓഫ് ഓണർ സല്യൂട്ടോടെ ഔദ്യോഗികമായാണ് വരവേറ്റത്. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിലുള്ള സൈനിക സഹകരണത്തിന്റെ മേഖലകളും അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി. ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.