ഒമാനിലേക്ക് മദ്യം കടത്തി; എട്ട് പ്രവാസികൾ അറസ്റ്റിൽ
മൂന്ന് ബോട്ടുകൾ പിടിച്ചെടുത്തു
Update: 2026-01-13 11:58 GMT
മസ്‌കത്ത്: ഒമാനിലേക്ക് മദ്യം കടത്തിയതിന് 3 ബോട്ടുകൾ പിടിച്ചെടുത്തു. 8 പ്രവാസികൾ അറസ്റ്റിലായി. ജലമാർഗത്തിലൂടെ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഏഷ്യൻ രാജ്യക്കാരായ എട്ട് പേരാണ് മുസന്ദമിൽ പിടിയിലായത്. ഇവരെ വഹിച്ചുകൊണ്ടുള്ള മൂന്ന് ബോട്ടുകൾ മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ കോസ്റ്റ് ഗാർഡ് പട്രോളിംഗ് സംഘം തടയുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.
ബോട്ടുകളിൽ മദ്യം കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതായി ആർഒപി പ്രസ്താവനയിൽ പറഞ്ഞു. പ്രതികളെ പിടികൂടുകയും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്തതായും അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അധികൃതർ പറഞ്ഞു.