ഒമാനിൽ റേഡിയേഷൻ അളവ് സാധാരണ നിലയിൽ; ആശങ്ക വേണ്ടെന്ന് പരിസ്ഥിതി അതോറിറ്റി
ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അതോറിറ്റി അറിയിച്ചു
മസ്‌കത്ത്: മേഖലയിൽ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ആശങ്ക സൃഷ്ടിക്കുമ്പോഴും, ഒമാനിലെ പരിസ്ഥിതി സാഹചര്യം സുസ്ഥിരമാണെന്നും റേഡിയേഷൻ ഭീഷണികളൊന്നും നിലവിലില്ലെന്നും പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അതോറിറ്റി അറിയിച്ചു.
മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ, പ്രത്യേകിച്ച് ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ, വലിയ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാമെന്ന ആശങ്കയുയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒമാൻ പരിസ്ഥിതി അതോറിറ്റി ഔദ്യോഗികമായി വിശദീകരണം നൽകിയിരിക്കുന്നത്.
'സുൽത്താനത്തിലെ പരിസ്ഥിതി സാഹചര്യം പൂർണ്ണമായും സുസ്ഥിരമാണ്. ഇതുവരെ റേഡിയേഷൻ നിലയിലോ മറ്റ് പാരിസ്ഥിതിക കാര്യങ്ങളിലോ അസ്വാഭാവികമായ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടില്ല,' അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു സംയോജിത സംവിധാനത്തിന്റെ ഭാഗമായാണ് അതോറിറ്റി പ്രവർത്തിക്കുന്നത്. ഇത് ബന്ധപ്പെട്ട എല്ലാ അതോറിറ്റികളുമായും ചേർന്ന് പരിസ്ഥിതി, റേഡിയേഷൻ വിവരങ്ങൾ തത്സമയം നിരീക്ഷിക്കുന്നുണ്ട്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള റേഡിയേഷൻ നിരീക്ഷണ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ, പ്രാദേശികവും അന്താരാഷ്ട്രീയവുമായ കേന്ദ്രങ്ങളുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.