ശനിയാഴ്ച മുതൽ ഒമാനിൽ ജെമിനിഡ് ഉൽക്കാവർഷം ഉച്ചസ്ഥായിയിൽ
ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച പുലർച്ചെ വരെയാണ് ഉച്ചസ്ഥായിയിൽ നിലകൊള്ളുക
Update: 2025-12-10 12:38 GMT
മസ്‌കത്ത്: ശനിയാഴ്ച മുതൽ ഒമാനിൽ ജെമിനിഡ് ഉൽക്കാവർഷം ഉച്ചസ്ഥായിയിലെത്തും. ഡിസംബർ 13 ശനിയാഴ്ച വൈകുന്നേരം മുതൽ ഡിസംബർ 14 ഞായറാഴ്ച പുലർച്ചെ വരെയാണ് ഉൽക്കാവർഷം ഉച്ചസ്ഥായിയിൽ നിലകൊള്ളുക.
ചന്ദ്രോദയത്തിന് മുമ്പുള്ള സമയത്താണ് മികച്ച രീതിയിൽ ഇവ കാണാനാകുകയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഞായറാഴ്ച പുലർച്ചെ 1:00 നും 4:00 നും ഇടയിലുള്ള സമയത്ത്. പ്രകാശ മലിനീകരണമില്ലാത്ത ഒരു സ്ഥലത്ത് നിന്ന് കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കുന്ന നിരീക്ഷകർക്ക് മണിക്കൂറിൽ പരമാവധി 120 ഉൽക്കകൾ വരെ വർണ്ണാഭമായി കാണാൻ കഴിയും.
ഫൈത്തൺ 3200 എന്ന ഛിന്നഗ്രഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ മൂലമാണ് ഉൽക്കാവർഷം ഉണ്ടാകുന്നത്. വർഷത്തിലെ ഏറ്റവും മനോഹര ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നാണ് ജെമിനിഡ് ഉൽക്കാവർഷം.