ഒമാനിൽ ചൂട് വർധിക്കുന്നു; തൊഴിലുടമകൾക്ക് കർശന നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

സ്മാർട്ട് വർക്ക് ഷെഡ്യൂളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു

Update: 2025-06-19 16:24 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: ഒമാനിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പുറം ജോലികളിലേർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകൾക്ക് കർശന നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. സ്മാർട്ട് വർക്ക് ഷെഡ്യൂളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഇതനുസരിച്ച്, ജോലികൾ അതിരാവിലെയോ ഉച്ചകഴിഞ്ഞോ ഷെഡ്യൂൾ ചെയ്യണം. കൂടാതെ, ഉച്ചയ്ക്ക് 12.30 നും 3.30 നും ഇടയിൽ നിർമ്മാണ സ്ഥലങ്ങളിലോ ഉയർന്ന താപനിലയുള്ള തുറസ്സായ സ്ഥലങ്ങളിലോ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കാൻ പാടില്ല.

Advertising
Advertising

തണലുള്ളതോ എയർ കണ്ടീഷൻ ചെയ്തതോ ആയ സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് ഇടയ്ക്കിടെ ഇടവേളകൾ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ചൂടുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുമ്പോൾ ഓരോ 45-60 മിനിറ്റിലും ഇടവേള അനുവദിക്കുകയും ആവശ്യത്തിന് വെള്ളം ലഭ്യമാക്കുകയും വേണം.

ഇൻഡോർ വർക്ക്‌സ്‌പെയ്‌സുകളിൽ എയർ കണ്ടീഷനിംഗ് യൂണിറ്റുകളോ ഫാനുകളോ സ്ഥാപിക്കണം. ഔട്ട്‌ഡോർ സൈറ്റുകളിൽ മേൽക്കൂരയും പോർട്ടബിൾ ഫാനുകളും ഒരുക്കുന്നത് നിർബന്ധമാണ്. ചൂട് സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനും തൊഴിലാളികൾക്ക് പരിശീലനം നൽകണം. ഇതിനോടൊപ്പം, ചൂടിനെ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ, ലഘുലേഖകൾ, ഹ്രസ്വ വീഡിയോകൾ എന്നിവ തൊഴിലാളികൾക്ക് നൽകാനും മന്ത്രാലയം നിർദ്ദേശിച്ചു.

ജോലിസ്ഥലത്തെ താപനിലയും ഈർപ്പവും ദിവസവും നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അവശ്യ മരുന്നുകൾ കഴിക്കുന്ന തൊഴിലാളികളെ തിരിച്ചറിയുകയും പ്രതിരോധ നടപടികൾക്കായി അവർക്ക് മുൻഗണന നൽകുകയും ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News