2024ൽ 230 കോടി റിയാലിന്റെ മൊത്ത വ്യാപാരം;ഒമാന്റെ പ്രധാന വ്യാപാര പങ്കാളിയായി ഇന്ത്യ
വ്യാപാര പട്ടികയിൽ ആറാം സ്ഥാനത്ത്
മസ്‌കത്ത്: 2024ൽ 230 കോടി റിയാലിന്റെ (ഏകദേശം 6.1 ബില്യൺ യുഎസ് ഡോളർ) മൊത്ത വ്യാപാരവുമായി ഒമാന്റെ പ്രധാന വ്യാപാര പങ്കാളിയായി ഇന്ത്യ. ഒമാന്റെ വ്യാപാര പട്ടികയിൽ ആറാം സ്ഥാനത്താണ് രാജ്യം. മസ്‌കത്തിലെ ഡിപ്ലോമാറ്റിക് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഒമാൻ മന്ത്രി ഖയിസ് അൽ യൂസഫാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിലവിൽ ഇരുരാജ്യങ്ങളും ഒപ്പിട്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(സിഇപിഎ)ന്റെ പ്രധാന നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.
യൂറിയ, എഥിലീൻ, പോളിയെത്തിലീൻ, ജിപ്‌സം എന്നിവയാണ് ഇന്ത്യയിലേക്കുള്ള ഒമാന്റെ പ്രധാന എണ്ണ ഇതര കയറ്റുമതികൾ. പുതിയ കരാർ വിപണി പ്രവേശനത്തിനും ഈ ഉൽപ്പന്നങ്ങളുടെ താരിഫ് കുറയ്ക്കലിനും പുതിയ വാതിലുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കരാർ വൻ വിപണി സാധ്യതകൾ തുറക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഏകദേശം 3.9 ട്രില്യൺ യുഎസ് ഡോളറിന്റെ ജിഡിപിയും 2026-2030 കാലയളവിൽ 6.4% വളർച്ചാ നിരക്കും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.
2024 ൽ, ഇന്ത്യയുടെ കയറ്റുമതി 434.4 ബില്യൺ യുഎസ് ഡോളറായിരുന്നു, അതേസമയം ഇറക്കുമതി 697.75 ബില്യൺ യുഎസ് ഡോളറിലെത്തി, പെട്രോളിയം, ഇലക്ട്രോണിക്‌സ്, കെമിക്കൽസ് തുടങ്ങിയവയാണ് പ്രധാന ഇറക്കുമതികൾ.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ സഹകരണം വർധിപ്പിക്കാനാണ് സിഇപിഎ ലക്ഷ്യമിടുന്നത്. വ്യാപാരം ഉദാരവൽക്കരിക്കുക, താരിഫ്, താരിഫ് ഇതര തടസ്സങ്ങൾ ലഘൂകരിക്കുക, പരസ്പര നിക്ഷേപങ്ങൾ സുഗമമാക്കുക എന്നിവയിലൂടെയാണ് വ്യാപാരം വർധിപ്പിക്കുക.