ഒമാനിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ: കരാർ വ്യവസ്ഥകൾ വ്യക്തമാക്കി എംബസി
സേവനങ്ങളിൽ വീഴ്ചയോ കരാർ ലംഘനമോ നേരിട്ടാൽ അപേക്ഷകർക്ക് ഇമെയിൽ വഴി എംബസിയെ നേരിട്ട് പരാതി അറിയിക്കാവുന്നതാണ്.
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ സുഗമമാക്കുന്നതിനായി സേവന ദാതാക്കളായ എസ്ജിഐവിഎസുമായി നിലവിലുള്ള കരാർ വ്യവസ്ഥകൾ മസ്‌കത്തിലെ ഇന്ത്യൻ എംബസി പരസ്യപ്പെടുത്തി. ഒമാനിലുടനീളം 11 അപേക്ഷാ കേന്ദ്രങ്ങളാണ് എസ്ജിഐവിഎസ് പ്രവർത്തിപ്പിക്കുന്നത്. എസ്ജിഐവിഎസ് മാത്രമാണ് എംബസിയുടെ അംഗീകൃത സേവന ദാതാവെന്നും മറ്റ് ഏജൻസികൾക്കോ സ്ഥാപനങ്ങൾക്കോ അപേക്ഷകൾ സ്വീകരിക്കാൻ അനുവാദമില്ലെന്നും എംബസി വ്യക്തമാക്കി. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുന്നവർക്ക് കൃത്യസമയത്ത് മുൻഗണന നൽകണം. സേവന ഫീസായി ഒരു അപേക്ഷയ്ക്ക് 6 ഒമാനി റിയാൽ മാത്രമേ ഈടാക്കാവൂ എന്നും എംബസി നിർദേശിച്ചു.
പാസ്പോർട്ട് അപേക്ഷകർക്കായി പ്രത്യേക നിർദേശങ്ങളും എംബസി നൽകിയിട്ടുണ്ട്. അപേക്ഷകർ ഫോട്ടോകൾ കൊണ്ടുവരേണ്ടതില്ലെന്നും അധിക തുക ഈടാക്കാതെ തന്നെ അപേക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഫോട്ടോകൾ എടുത്തു നൽകണമെന്നും എംബസി അറിയിച്ചു. അപേക്ഷ പൂരിപ്പിക്കുന്ന സേവനവും നിശ്ചിത നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകളുടെ പകർപ്പുകൾ തയ്യാറാക്കുന്നതിനോ മറ്റ് സഹായങ്ങൾക്കോ അപേക്ഷകരിൽ നിന്ന് അധിക തുക ഈടാക്കാൻ പാടില്ല. ഏതെങ്കിലും അപേക്ഷയിൽ അനിശ്ചിതത്വം നേരിട്ടാൽ എസ്ജിഐവിഎസ് എംബസിയിൽ നിന്ന് രേഖാമൂലം വിശദീകരണം തേടി അത് അപേക്ഷകനെ അറിയിക്കണം. സേവനങ്ങളിൽ വീഴ്ചയോ കരാർ ലംഘനമോ നേരിട്ടാൽ അപേക്ഷകർക്ക് ഇമെയിൽ വഴി എംബസിയെ നേരിട്ട് പരാതി അറിയിക്കാവുന്നതാണ്.