ഇന്ത്യൻ നാവികസേനയുടെ പായ് കപ്പൽ ഐ.എൻ.എസ്.വി കൗണ്ഡിന്യക്ക് മസ്കത്തിൽ സ്വീകരണം
പോർബന്ദറിൽ നിന്നാണ് കപ്പിലിന്റെ സമുദ്ര യാത്ര ആരംഭിച്ചത്
മസ്കത്ത്: ഇന്ത്യൻ നാവികസേനയുടെ പായ് കപ്പലായ ഐ.എൻ.എസ്.വി കൗണ്ഡിന്യ മസ്കത്തിലെത്തി. പോർബന്ദറിൽ നിന്നാണ് കപ്പിലിന്റെ സമുദ്ര യാത്ര ആരംഭിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്ര സാംസ്കാരിക ബന്ധത്തിന്റെ പ്രതീകം കൂടിയാണ് പരമ്പരാഗതമായി നിർമിച്ച കപ്പൽ.
മസ്കത്ത് മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ ഐ.എൻ.എസ്.വി കൗണ്ഡിന്യയെ ഇന്ത്യയുടെ തുറമുഖം, ഷിപ്പിങ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൽന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പരമ്പാരകൃത ഒമാനി വള്ളങ്ങളുടെ അകമ്പടിയോടെ വാട്ടർ സലൂട്ട് നൽകിയായിരുന്നു ഗംഭീര സ്വീകരണം.
ഒമാൻ പൈതൃക ടൂറിസവും മന്ത്രാലയത്തിലെ ടൂറിസം അണ്ടർസെക്രട്ടറി അസ്സാൻ അൽ ബുസൈദി, ഒമാൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ കപ്പലിനെ സ്വീകരിക്കാനെത്തി. ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ-ഒമാനി സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ഇന്ത്യ–ഒമാൻ നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കപ്പൽ ഒമാനിലെത്തിയത്.
അജന്ത ഗുഹാചിത്രങ്ങളിൽ കാണുന്ന അഞ്ചാം നൂറ്റാണ്ടിലെ കപ്പലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐ.എൻ.എസ്.വി കൗണ്ഡിന്യ നിർമിച്ചിരിക്കുന്നത്. ആധുനിക ആണികളോ ലോഹബന്ധനങ്ങളോ ഉപയോഗിക്കാതെ, പുരാതന ഇന്ത്യൻ കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യയാണ് ഇതിൽ പ്രയോഗിച്ചിരിക്കുന്നത്.