Writer - razinabdulazeez
razinab@321
മസ്കത്ത്: തേനീച്ച കൃഷിയിൽ മധുരമൂറുന്ന വിജയവുമായി ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ മനഅ വിലായത്ത്. ഈ സീസണിൽ ശേഖരിച്ചത് മൂന്ന് ടൺ തേനാണ്. പ്രധാനമായും സിദ്ർ, സമർ ഇനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. വിലായത്തിൽ നൂറിലധികം ആളുകളാണ് തേനീച്ച വളർത്തുന്നത്. 1,400 തേനീച്ചക്കൂടുകളായിരുന്നു ഇവർ ഒരുക്കിയിരുന്നത്. അനുകൂലമായ കാലവസ്ഥയും കീടങ്ങളുടെയും രോഗങ്ങളുടെയും അഭാവവും കാരണം ഈ സീസണിൽ സമർ തേനിന്റെ അളവിൽ ഗണ്യമായ വർധനവ് ഉണ്ടായതായി കർഷകർ പറയുന്നു. ആദ്യകാലങ്ങളിൽ താഴ്‌വരകളിൽനിന്നും പർവതങ്ങളിൽ നിന്നുമായിരുന്നു ഇപ്പോൾ തേനീച്ച കൃഷി ചെയ്യുന്നവർ തേൻ ശേഖരിച്ചിരുന്നത്. കടുത്ത ചൂടിലും വരൾച്ചയിലും തേനീച്ചക്കൂടുകൾ പരിപാലിച്ച് കൊണ്ടുപോകുന്നത് വെല്ലുവിളി നിറഞ്ഞതാണ്. പക്ഷേ, ഈ സീസണിൽ സമൃദ്ധമായ സമർ പൂക്കളും അനുകൂലമായ വരണ്ട സാഹചര്യങ്ങളും കാരണം മികച്ച ഉൽപാദനം ലഭിച്ചെന്നും കർഷകർ പറയുന്നു. സുൽത്താനേറ്റിനകത്തും പുറത്തുമുള്ള ഫെസ്റ്റിവലിലൂടെയും വ്യാപാര പരിപാടികളിലൂടെയും ഒമാനി തേനിന്റെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഈ തൊഴിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തേനീച്ച പ്രജനനത്തെയും വ്യാപനത്തെയും പിന്തുണക്കുന്ന ദേശീയ പരിപാടിയിലൂടെ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവും മേഖലയെ പിന്തുണക്കുന്നുണ്ട്. പരിശീലനം, സാങ്കേതിക സഹായം, സുസ്ഥിര തേൻ ഉൽപാദനം ഉറപ്പാക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ നൽകൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.