ഗൾഫ് മേഖലയിലെ വെള്ളപ്പൊക്കം: എ.ഐ പരിഹാരം തേടി മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ദുബൈയിലെ പാം, അബൂദബിയിലെ മുസഫ ഏരിയ, ഒമാനിലെ അൽബുറൈമി മേഖല എന്നിങ്ങനെ മൂന്ന് കേസുകളാണ് പഠനത്തിന് ഉപയോഗിച്ചത്

Update: 2024-05-10 09:59 GMT
Advertising

മസ്‌കത്ത്: ഗൾഫ് മേഖലയിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കമടക്കമുള്ള തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് എ.ഐ പരിഹാരം കണ്ടെത്താനൊരുങ്ങി മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എംബിസെഡ്‌യുഎഐ) MBZUAI. കാലാവസ്ഥാ വ്യതിയാനം നേരിടാനുതകുന്ന നഗര ആസൂത്രണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എങ്ങനെ പരിഹാരം നൽകുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അന്വേഷിക്കുന്നത്.

ഏപ്രിൽ 16ന് ഗൾഫ് മേഖലയിലുടനീളം അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് പഠനം. കമ്പ്യൂട്ടർ വിഷൻ അസോസിയേറ്റ് പ്രൊഫസർ ഡോ. സൽമാൻ ഖാന്റെ നേതൃത്വത്തിലുള്ള MBZUAI ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ഒരു സംഘമാണ് എ.ഐ, കമ്പ്യൂട്ടർ വിഷൻ ടെക്‌നിക്കുകൾ സംയോജിപ്പിച്ച് വെള്ളപ്പൊക്കം വിലയിരുത്തുന്നതിനുള്ള ഒരു ഓട്ടോമേറ്റഡ് സാറ്റലൈറ്റ് ഡാറ്റ വിശകലനം സൃഷ്ടിച്ചിരിക്കുന്നത്.

ദുബൈയിലെ പാം, അബൂദബിയിലെ മുസഫ ഏരിയ, ഒമാനിലെ അൽബുറൈമി മേഖല എന്നിങ്ങനെ മൂന്ന് കേസുകളാണ് പഠനത്തിന് ഉപയോഗിച്ചത്. കൊടുങ്കാറ്റിനു മുമ്പും ശേഷവുമുള്ള വിദൂര ചിത്രങ്ങൾ താരതമ്യം ചെയ്യാൻ ഗവേഷകർ ലഭ്യമായ സ്‌പേഷ്യൽ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചു. കനത്ത മഴയുടെ ആഘാതം ദ്രുതഗതിയിൽ വിലയിരുത്തുന്നതിന് പ്രാദേശിക മുനിസിപ്പാലിറ്റികൾക്കും അധികൃതർക്കും ഉപയോഗപ്രദമായ കാലാവസ്ഥാ വ്യതിയാനം തിരിച്ചറിയാനുള്ള ഉപകരണം നൽകാനാണ് പഠനം ലക്ഷ്യമിടുന്നത്.

തീവ്രമായ മഴയെ തുടർന്ന് ഏതൊക്കെ റോഡുകളിലാണ് ജലപ്രവാഹമുള്ളതെന്ന് തിരിച്ചറിയാനും ഏറെ അപകടസാധ്യതയുള്ള ആശുപത്രികൾ, സ്‌കൂളുകൾ, റെസ്റ്റോറന്റുകൾ, മാളുകൾ, വ്യവസായ സമുച്ചയങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ തുടങ്ങിയവ കൃത്യമായി കണ്ടെത്താനും വിശകലന ഉപകരണത്തിന് കഴിയും.

നിലവിൽ, വിശകലന ഉപകരണ മോഡൽ പ്രാരംഭ ഘട്ടത്തിലാണ്. എഐ മോഡലുകളെയും 10 മീറ്റർ റെസല്യൂഷനിലുള്ള സെന്റിനൽ-2 ഇമേജറിയും ഓപ്പൺസ്ട്രീറ്റ്മാപ്പും ഉൾപ്പെടെ പൊതുവായി ലഭ്യമായ ഡാറ്റയെയുമാണ് ആശ്രയിക്കുന്നത്.

''2963 കിലോമീറ്ററിൽ 140 കിലോമീറ്ററും മഴ ബാധിച്ചതായി ഞങ്ങൾ ദുബൈ കേസ് സ്റ്റഡി ഏരിയയെക്കുറിച്ചുള്ള ഞങ്ങളുടെ വിശകലനത്തിൽ നിന്ന് കണ്ടെത്തി, അതിൽ പ്രൈമറി, റെസിഡൻഷ്യൽ, സർവീസ്, ഹൈവേകൾ എന്നിവ ഉൾപ്പെടുന്നു' ഡോ. ഖാൻ പറഞ്ഞു.

'ഓട്ടോമേറ്റഡ് ടൂളുകളും വിശകലനങ്ങളും പ്രാദേശിക അധികൃതർക്ക് തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾക്ക് ശേഷം കൂടുതൽ ശ്രദ്ധ ആവശ്യമുള്ള നിർണായക സ്ഥലങ്ങൾ വിലയിരുത്താനും രക്ഷാദൗത്യം വിശകലനം ചെയ്യാനും സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ' അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള നഗരപ്രദേശങ്ങളെ മഴ എങ്ങനെ ബാധിക്കുമെന്ന് വിശകലനം ചെയ്യാൻ എഐ ഉപയോഗിക്കാനാകുമെന്നും ഇത് താമസക്കാർക്ക് കൂടുതൽ കൃത്യമായ മുന്നറിയിപ്പ് നൽകുമെന്നും ഗവേഷകർ പറഞ്ഞു.

ഗവൺമെന്റ്, വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് ഗൾഫ് മേഖലയിലുടനീളമുള്ള കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭാവിയിൽ പ്രളയ പഠനം വിപുലീകരിക്കാനും നിലവിലുള്ള ഡ്രെയിനേജ് നെറ്റ്വർക്കുകൾ, റെസ്‌ക്യൂ കേന്ദ്രങ്ങളുടെ ലൊക്കേഷനുകൾ, കൂടുതൽ കൃത്യമായ ജലനിരപ്പ് വിവരങ്ങൾക്ക് 3D സെൻസറുകൾ തുടങ്ങിയ ഡാറ്റാ പാരാമീറ്ററുകൾ ചേർത്ത് ഉപകരണം മെച്ചപ്പെടുത്താനും MBZUAI ലക്ഷ്യമിടുന്നതായി ഡോ. ഖാൻ പറഞ്ഞു. 'ജലം ഒരുമിച്ചെത്തുന്നത് ജനസാന്ദ്രതയെയും നഗരവത്ക്കരണത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും ഞങ്ങൾ അന്വേഷിക്കും' ഡോ. ഖാൻ കൂട്ടിച്ചേർത്തു.

പരിസ്ഥിതി ഏജൻസി - അബൂദബി (ഇഎഡി), മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി), മുനിസിപ്പാലിറ്റികൾ, അൽദാർ, എമാർ തുടങ്ങിയ പ്രാദേശിക ഡെവലപ്പർമാർ, യുഎഇ വെള്ളപ്പൊക്ക വിലയിരുത്തൽ കമ്മിറ്റി എന്നിവയുമായി തങ്ങളുടെ കണ്ടെത്തലുകൾ ബന്ധിപ്പിക്കാനും സർവകലാശാല പദ്ധതിയിടുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News