Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിൽ സജീവമല്ലാത്തതും കാലാവധി കഴിഞ്ഞതുമായ വാണിജ്യ രജിസ്ട്രേഷനുകൾക്കെതിരെ നടപടി. നാല് ഘട്ടമായി 42,000-ത്തിലധികം വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി. വിപണി സുതാര്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വാണിജ്യ മന്ത്രാലയത്തിന്റെ നീക്കം.
ഒമാനിൽ വാണിജ്യ രജിസ്ട്രി സ്ഥാപിതമായതിനുശേഷം മന്ത്രാലയം നടപ്പിലാക്കിയ വലിയ നിയന്ത്രണ പ്രവർത്തനമാണിത്. വാണിജ്യ ഡാറ്റ പുനഃക്രമീകരിക്കുക, വിപണി സുതാര്യത വർധിപ്പിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. വാണിജ്യ രജിസ്ട്രി നിയമത്തിലെയും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെയും വ്യവസ്ഥകൾക്കനുസൃതമായാണ് നടപടി.
വാണിജ്യ രേഖകൾ സമഗ്രമായി പരിശോധിച്ചതിനു ശേഷമാണ് റദ്ദാക്കൽ പ്രക്രിയ നടത്തിയതെന്ന് മന്ത്രാലയത്തിലെ വാണിജ്യ ഡയറക്ടർ ജനറൽ നസ്ര ബിൻത് സുൽത്താൻ അൽ ഹബ്സി പറഞ്ഞു. റോയൽ ഒമാൻ പൊലീസുമായി സ്ഥാപനങ്ങൾക്ക് ബാധ്യതയില്ലെന്നും ഉറപ്പാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ 1970 മുതൽ 1999 വരെയുള്ള 3,410 റെക്കോർഡുകൾ റദ്ദാക്കി. രണ്ടാം ഘട്ടത്തിൽ 2000 മുതൽ 2020 വരെയുള്ള 35,000 റെക്കോർഡുകൾ നീക്കം ചെയ്തു. മൂന്നാം ഘട്ടത്തിൽ 1,116 ഉം, അവസാന ഘട്ടത്തിൽ 2025 മാർച്ച് മുതൽ നവംബർ വരെ 2,638 രജിസ്ട്രേഷനുമാണ് റദ്ദാക്കിയത്.