മസ്‌കത്ത് ക്ലാസിക്, ടൂർ ഓഫ് ഒമാൻ റേസുകൾക്ക് ട്രാക്കൊരുങ്ങി
മസ്‌കത്ത് ക്ലാസിക് ഫെബ്രു. 6-നും ടൂർ ഓഫ് ഒമാൻ 7-നും ആരംഭിക്കും
മസ്കത്ത്: മസ്കത്ത് ക്ലാസിക്, ടൂർ ഓഫ് ഒമാൻ റേസുകൾക്കൊരുങ്ങി ഒമാൻ. ഫെബ്രുവരി 6 ന് മസ്കത്ത് ക്ലാസിക്കും 7 ന് ടൂർ ഓഫ് ഒമാനും തുടക്കമാകും. 11 അന്താരാഷ്ട്ര ടീമുൾപ്പെടെ 18 ടീമുകളാണ് പങ്കെടുക്കുന്നത്. അൽ മൗജിലെ കോസ്റ്റൽ റോഡ് മുതൽ ജബൽ അൽ അഹ്ളറിന്റെ കയറ്റം വരെ വ്യത്യസ്ഥവും ദുർഘടവുമായ വഴികളിലൂടെയാണ് റൈഡർമാർ പരിശീലനം നടത്തുന്നത്.
അഞ്ച് ഘട്ടങ്ങളിലായാണ് ഇവന്റ് നടക്കുന്നത്. മരുഭൂപ്രകൃതി മുതൽ ഒമാനിലെ ഏറ്റവും ഐക്കോണിക് പർവതങ്ങളിലേക്ക് വൈവിധ്യമാർന്നതും വെല്ലുവിളി നിറഞ്ഞതുമായ റേസിങ്ങാണ് ഇവന്റിനെ ആവേശകരമാക്കുന്നത്. മികച്ച പ്രകടനക്കാർ ജബൽ അൽ അഖ്ദർ - ഗ്രീൻ മൗണ്ടൻ കയറ്റത്തിൽ ഏറ്റുമുട്ടും. 2025 ൽ വാലന്റൈൻ പാരെറ്റ് പെയിൻട്രെ, ആദം യേറ്റ്സ് എന്നിവരാണ് വിജയിച്ചത്. 2025 ലെ യുസിഐ ലോക റാങ്കിങിലെ മികച്ച അഞ്ച് ടീമുകളിൽ നാലെണ്ണം യുഎഇ ടീം എമിറേറ്റ്സ് XRG യെ നേരിടും. ആറ് പ്രോടീമുകളും ഒമാനി ദേശീയ ടീമും അവരോടൊപ്പം ചേരും.