ഹൂതികൾ ബന്ദികളാക്കിയ മലയാളിയടക്കമുള്ള 11 പേരുടെ മോചനം: നിർണായക ഇടപെടൽ നടത്തിയത് ഒമാൻ

കായംകുളം സ്വദേശി അനിൽ കുമാർ രവീന്ദ്രനടക്കം 11 പേർ മോചിതരായി മസ്‌കത്തിലെത്തി

Update: 2025-12-04 15:58 GMT

മസ്‌കത്ത്: ചെങ്കടലിൽ കപ്പൽ ആക്രമിച്ച് യമനിലെ ഹൂതികൾ ബന്ദികളാക്കിയ മലയാളിയടക്കമുള്ളവരുടെ മോചനത്തിൽ നിർണായക ഇടപെടൽ നടത്തിയത് ഒമാൻ. ആലപ്പുഴ കായംകുളം സ്വദേശി അനിൽ കുമാർ രവീന്ദ്രനടക്കം 11 പേരാണ് കഴിഞ്ഞ ദിവസം മോചിതരായി മസ്‌കത്തിലെത്തിയത്. മോചനത്തിനായി ഇടപെടൽ നടത്തിയ ഒമാൻ സുൽത്താന് ഇന്ത്യ നന്ദി അറിയിച്ചു.

ഒമാൻ സുൽത്താനേറ്റിന്റെ നയതന്ത്ര ഇടപെടലിലൂടെയണ് ബന്ദികളുടെ മോചനം സാധ്യമായത്. യമനിലെ സൻആയിൽനിന്ന് ഒമാൻ റോയൽ എയർഫോഴ്‌സ് വിമാനത്തിൽ കഴിഞ്ഞ ദിവസം രാത്രി 11 പേരെയും മസ്‌കത്തിലെത്തിച്ചിരുന്നു. തുടർന്ന് ഇവർക്ക് മസ്‌കത്തിൽ സ്വീകരണം നൽകി. എല്ലാ പൗരന്മാരെയും അതത് എംബസികൾക്ക് കൈമാറി. 10 പേർ ഫിലിപ്പീൻസ് സ്വദേശികളാണ്. അനിൽകുമാറിനെ മസ്‌കത്തിൽനിന്ന് നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. അനിൽകുമാറിനെ യമനിൽ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാറിന്റെ ഭാഗത്തുനിന്ന് സമയോചിത പരിശ്രമങ്ങളുണ്ടായതായും മോചനം സാധ്യമാക്കാൻ ഇടപെട്ട ഒമാന് നന്ദി അറിയിക്കുന്നതായും എംബസി പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ജൂലൈ ഏഴിനാണ് ഗ്രീക്ക് കമ്പനിയുടെ ലൈബീരിയൻ രജിസ്‌ട്രേഷനുള്ള 'എം.വി എറ്റേണിറ്റി സി' എന്ന ചരക്കു കപ്പൽ ചെങ്കടലിൽ ഹൂതികൾ ആക്രമിച്ചത്. ആക്രമണത്തിനു പിന്നാലെ കപ്പൽ കടലിൽ മുങ്ങിയിരുന്നു. തുടർന്ന് ജീവനക്കാരെ ഹൂതികൾ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News