കുതിച്ചുയരട്ടെ ടൂറിസം; വകാൻ ഗ്രാമത്തിലേക്ക് കേബിൾ കാർ
സാധ്യത വിലയിരുത്തി ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം
മസ്‌കത്ത്: സൗത്ത് ബാത്തിനയിലെ നഖലിലുള്ള വകാൻ ഗ്രാമത്തിലേക്ക് കേബിൾ കാർ പദ്ധതി നടപ്പാക്കാനുള്ള സാധ്യത വിലയിരുത്തി ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം. യാത്രാസൗകര്യം വർധിപ്പിക്കാനും വർധിച്ചുവരുന്ന സന്ദർശകരുടെ ഒഴുക്ക് നിയന്ത്രിക്കാനുമാണ് നീക്കം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്റർ ഉയരത്തിലാണ് വകാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള കയറ്റം കയറിവേണം ഇവിടെയെത്താൻ. ഇതുമൂലമുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ടൂറിസത്തിൽ വൻ വർധനവുണ്ടായതിനെ തുടർന്നാണ് നടപടി. 2025 ൽ ഏകദേശം 40,000 സന്ദർശകരാണ് ഗ്രാമത്തിലെത്തിയത്. കേബിൾ കാർ പഠനം നടക്കുന്നതിനൊപ്പം ഇതര സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. 700 പടികൾ കയറിവരുന്ന കാൽനടയാത്രക്കാർക്കായി പർവത പാതകൾ മന്ത്രാലയം വികസിപ്പിക്കുകയാണ്. സുരക്ഷാ വേലികളും വിശ്രമ കേന്ദ്രങ്ങളും വഴിയിൽ ഒരുക്കുന്നുണ്ട്. ജനുവരി മുതൽ ഫെബ്രുവരി വരെ വകാനിൽ ആപ്രിക്കോട്ട്, പ്ലം മരങ്ങൾ പൂക്കുന്ന കാലമാണ്.