മസ്കത്തിൽ നടന്ന യുഎസ്-ഇറാൻ ചർച്ച പോസിറ്റീവ്; ഉചിതമായ സമയത്ത് തുടർചർച്ചകളുണ്ടാകുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി

ചർച്ചയുടെ ഫലങ്ങൾ സംബന്ധിച്ച് ടെഹ്‌റാനിലും വാഷിംഗ്ടണിലും ആലോചനായോ​ഗം ചേരും

Update: 2026-02-06 17:32 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: മസ്കത്തിൽ നടന്ന ഇറാൻ- യുഎസ് ആണവ ചർച്ചയിൽ ഇരുപക്ഷവും തങ്ങളുടെ നിലപാട് വ്യക്തമാക്കിയതായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. ഉചിതമായ സമയത്ത് തുടർ ചർച്ചകളുണ്ടാകുമെന്നും സയ്യിദ് ബദർ പറഞ്ഞു. ചർച്ച 'പോസിറ്റീവ്' ആയിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര​ഗ്ചി പ്രതികരിച്ചു.

ഇറാൻ, യുഎസ് പ്രതിനിധി സംഘങ്ങളുമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽ ബുസൈദി വെവ്വേറെ ചർച്ചകളാണ് നടത്തിയത്. ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അര​ഗ്ചി പങ്കെടുത്തു. യുഎസ് പ്രസിഡന്റ്‍റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും യുഎസ് സംഘത്തിലും പങ്കാളിയായി. ചർച്ചയിൽ ഇറാൻ യുഎസ് പ്രിതിനിധികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയാതായും, കൂടുതൽ പുരോഗതിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു.

Advertising
Advertising

ചർച്ചയുടെ ഫലങ്ങൾ സംബന്ധിച്ച് ടെഹ്‌റാനിലും വാഷിംഗ്ടണിലും ആലോചനായോ​ഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപക്ഷങ്ങൾക്കിടയിൽ അനുരഞ്ജനം സാധ്യമാക്കുന്നതിനായി ഒമാൻ നൽകുന്ന പിന്തുണ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. ഒമാന് പിന്തുണ നൽകുന്ന പ്രാദേശിക രാജ്യങ്ങളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അതേസമയമം ചർച്ച'പോസിറ്റീവ്' ആയിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര​ഗ്ചിയും പ്രതികരിച്ചു. ചർച്ചയിൽ തങ്ങളുടെ കാഴ്ചപ്പാടുകളും അവകാശങ്ങളും അറിയിച്ചുവെന്നും മറുവശത്തിന്റെ വാദങ്ങളും കേട്ടുവെന്നും അര​ഗ്ചി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും തലസ്ഥാനങ്ങളിൽ നടക്കുന്ന കൂടിയാലോചനകൾക്ക് ശേഷം അടുത്ത റൗണ്ട് ചർച്ചക്കുള്ള വേദി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News