മനുഷ്യസ്‌നേഹികൾ ഒരുമിച്ചു; മുബിൻ ആര തുടർചികിത്സക്ക് വെന്റിലേറ്റർ സഹായത്തോടെ നാട്ടിലേക്ക്

കെ.എം.സി.സിയുടെ നേതൃത്വത്തിൽ സലാലയിലെ മുഴുവൻ കൂട്ടായ്മകളുടെയും സഹായത്തോടെയാണ് നാട്ടിലെത്തിച്ചത്

Update: 2024-05-24 07:43 GMT
Advertising

സലാല: തിരൂർ സ്വദേശിയായ 22കാരി മുബിൻ ആര ഒരുപാട് സ്വപ്നങ്ങളുമായാണ് ഏതാനും മാസം മുമ്പ് സലാലയിലുള്ള വയനാട് സ്വദേശിയായ ഭർത്താവ് മുഹമ്മദ് നൗസിന്റെ അടുത്തേക്ക് വന്നത്. എന്നാൽ വിധി മറ്റൊന്നായിരുന്നു. കഴിഞ്ഞയാഴ്ച അവർക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. ഉടനെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചു. അവിടത്തെ പരിശോധനയിൽ സ്‌ട്രോക്ക് ഗുരുതരമാണെന്ന് മനസ്സിലാകുകയും തലയ്ക്ക് അടിയന്തിര ശാസ്ത്രക്രിയ നടത്തേണ്ടിയും വന്നു. എല്ലാം കഴിഞ്ഞപ്പോൾ രോഗി വെന്റിലേറ്ററിലുമായി. ഓരോ ദിവസവും ആശുപത്രി ബില്ല് കുതിച്ചുയർന്നു കൊണ്ടിരുന്നു. ഇതിനിടയിൽ ചെറിയ പുരോഗതി കണ്ടപ്പോൾ നാട്ടിൽ കൊണ്ട് പോയി തുടർചികിത്സ ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ നിർദേശിച്ചു.

വെന്റിലേറ്റർ സഹായത്തോടെ നാട്ടിലെ ആശുപത്രിയിൽ എത്തിക്കാൻ ഏകദേശം നാലായിരം റിയാൽ, മൂവായിരത്തോളം ആശുപത്രി ബില്ല്, തുടർചികിത്സക്ക് വേണ്ട പണം എന്നിങ്ങനെയുള്ളവ അഞ്ചാം നമ്പറിലെ ബിൽഡിംഗ് മെറ്റീരിയൽസ് കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന മുഹമ്മദ് നൗസിന് ഇത് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഈ വാർത്ത സലാലയിലെ വാട്‌സ്ആപ് ഗ്രൂപ്പുകളിൽ പരന്നു. ജീവന് വേണ്ടി മല്ലിടിക്കുന്ന ഒരു പെൺകുട്ടിയുടെ വേദന എല്ലാ മനുഷ്യ സ്‌നേഹികളുടെയും വേദനയായി. ആർക്കുമിത് ഒറ്റക്ക് നിർവ്വഹിക്കാൻ സാധിക്കുന്നതായിരുന്നില്ല. സംഘടന ഭാരവാഹികളുടെ കൂട്ടായ്മയായ ലീഡേഴ്‌സ് ഫോറത്തിൽ ഇത് ഏറ്റെടുക്കാൻ കെ.എം.സി.സി സലാല ഒരുക്കമാണെന്നും എല്ലാവരും കൂടെ നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കാര്യങ്ങൾ അതിവേഗത്തിലായിരുന്നു.

സലാലയിലെ മുഴുവൻ മുഖ്യധാര സംഘടനകളും സ്‌പോട്‌സ്, വനിത, പ്രാദേശിക, സ്ഥാപന കൂട്ടായ്മകളും ഈ ഉദ്യമത്തിൽ സഹായവുമായി മുമ്പോട്ട് വന്നു. ഏകദേശം മുപ്പതോളം കൂട്ടായ്മകളാണ് ചെറുതും വലുതുമായ പങ്ക് ഇതിനായി നൽകിയത്. ഇന്നത്തെ വിവരമനുസരിച്ച് ഏകദേശം പതിനൊന്നായിരം റിയാൽ ഇതിനായി സ്വരൂപിക്കാനായിട്ടുണ്ട്. ഇതിൽ ആറായിരത്തോളം റിയാൽ കെ.എം.സി.സി നേരിട്ട് സമാഹരിച്ചതാണ്.

മെയ് 23 ലെ ഒമാൻ എയറിൽ മസ്‌കത്ത് വഴി വെന്റിലേറ്റർ സഹായത്തോടെ എയർ ലിഫ്റ്റിംഗ് ചെയ്യാൻ ദുബൈയിൽ നിന്ന് വിദഗ്ധ സംഘവും എത്തിയിട്ടുണ്ട്. ഇതിനിടയിൽ ദുബൈയിൽ നിന്നെത്തിയ മുബിൻ ആരയുടെ സഹോദരനും ഭർത്താവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നുണ്ട്. മൂന്ന് വർഷം മുമ്പാണ് മുബിൻ ആര വിവാഹിതയായത്.

കോഴിക്കോട് മൈത്ര ആശുപത്രിയിലാണ് തുടർ ചികിത്സ ചെയ്യുക. പ്രയാസത്തിലായിപ്പോയ തങ്ങളെ സഹായിക്കാനായി കൈകോർത്ത സലാലയിലെ മുഴുവൻ മനുഷ്യ സ്‌നേഹികൾക്കും ആശുപത്രി അധികൃതർക്കും മുഹമ്മദ് നൗസിൻ നന്ദി അറിയിക്കുകയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്തു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി, മറ്റു ഭാരവാഹികളായ ഹാഷിം കോട്ടക്കൽ, ആർ.കെ അഹമ്മദ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News