കാത്തിരിപ്പിന് വിരാമം; മസ്‌കത്ത് മെട്രോ പദ്ധതി ഉടൻ പ്രഖ്യാപിക്കും
ഏകദേശം 50 കിലോമീറ്റർ ദൈർഘ്യത്തിൽ 36 സ്റ്റേഷനുകളിലാകും മെട്രോ സർവീസ്
മസ്‌കത്ത്: ഒമാന്റെ തലസ്ഥാന നഗരിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മസ്‌കത്ത് മെട്രോ പദ്ധതി ഉടൻ പ്രഖ്യാപിക്കും. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഗതാഗത മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി വ്യക്തമാക്കി. രാജ്യത്തെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ട് ട്രാക്കിങ് പദ്ധതിയുടെ കരാർ ഒപ്പിടൽ ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മസ്‌കത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും നഗരത്തിൻറെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും മെട്രോ പദ്ധതി നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 50 കിലോമീറ്റർ ദൈർഘ്യത്തിൽ 36 സ്റ്റേഷനുകളുമായി സുൽത്താൻ ഹൈതം സിറ്റി മുതൽ റുവി വരെയുള്ള പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും മെട്രോ സർവീസ് നടത്തുക.