ഒമാനിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് പുതിയ വ്യോമഗതാഗത സംവിധാനം
യാത്രയിൽ ലഗേജുകൾ പരമാവധി കുറയ്ക്കണമെന്ന് തീർഥാടകർക്ക് നിർദേശം
മസ്‌കത്ത്: ഈ വർഷത്തെ ഹജ്ജിനായി ഒമാനിൽ നിന്നുള്ള തീർഥാടകർക്ക് പുതിയ വ്യോമഗതാഗത സംവിധാനം ഏർപ്പെടുത്താൻ ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, വിമാനക്കമ്പനികൾ എന്നിവരുമായി നടത്തിയ സംയുക്ത ചർച്ചകൾക്ക് ശേഷമാണ് തീരുമാനം, യാത്രയിൽ ലഗേജുകൾ പരമാവധി കുറയ്ക്കണമെന്ന് ഒമാൻ മതകാര്യ മന്ത്രാലയവും സഊദി ഹജ്ജ്-ഉംറ മന്ത്രാലയവും തീർഥാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഹജ്ജ് തീർഥാടകരെ സുരക്ഷിതമായും സുഗമമായും വിശുദ്ധ ഭൂമിയിലേക്ക് എത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രാലയം നിർദേശം നൽകി. ഈ വർഷത്തെ ഹജ്ജ് അപേക്ഷകരെയും ഹജ്ജ് സേവന കമ്പനികളെയും തീരുമാനത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. പുതിയ സംവിധാനത്തിന്റെ നടപടിക്രമങ്ങളും തീരുമാനത്തിന് പിന്നിലെ കാരണങ്ങളും വിശദീകരിക്കാനായി അവരുമായി മന്ത്രാലയം യോഗങ്ങളും നടത്തുന്നുണ്ട്.
അതിനിടെ, ഉംറ സീസണിലും വരാനിരിക്കുന്ന ഹജ്ജ് യാത്രകളിലും അവശ്യസാധനങ്ങൾ മാത്രം കരുതാൻ തീർഥാടകർ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. 70 സെന്റീമീറ്ററിൽ കൂടാത്ത മിതമായ വലുപ്പമുള്ള ഹാർഡ്ഷെൽ സ്യൂട്ട്കേസ്, ഒരു ലൈറ്റ് ബാക്ക്പാക്ക്, ഇഹ്റാം വസ്ത്രങ്ങൾ, ചെറിയ നമസ്‌കാരപ്പായ, ഒറിജിനൽ പാക്കറ്റിലുള്ള മരുന്നുകൾ എന്നിവ മാത്രം കരുതുന്നതാണ് ഉചിതം. കൂടുതൽ പണം, വിലപിടിപ്പുള്ള ആഭരണങ്ങൾ, വലിപ്പമേറിയ ബാഗുകൾ എന്നിവ ഒഴിവാക്കണമെന്നും സുഗമമായ തീർഥാടനത്തിന് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഒമാൻ ഹജ്ജ് മിഷൻ വ്യക്തമാക്കി.