യുദ്ധഭീതിയിലും കുലുങ്ങാതെ ഒമാൻ സമ്പദ്‌വ്യവസ്ഥ; 3.1% വളർച്ച പ്രവചിച്ച് ലോകബാങ്ക്
ഈ വർഷം സാമ്പത്തിക വളർച്ച നിലനിർത്തുന്ന ഏക ജി.സി.സി രാജ്യമായി ഒമാൻ മാറുമെന്നും റിപ്പോർട്ടിൽ
മസ്‌കത്ത്: പശ്ചിമേഷ്യയിൽ സംഘർഷങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും നിലനിൽക്കുമ്പോഴും ഒമാന്റെ സമ്പദ്‌വ്യവസ്ഥ മികച്ച സ്ഥിരതയും വളർച്ചയും കൈവരിക്കുന്നതായി ലോകബാങ്കിന്റെ റിപ്പോർട്ട്. 2026ൽ സാമ്പത്തിക വളർച്ച നിലനിർത്തുന്ന ഏക ജി.സി.സി രാജ്യമായി ഒമാൻ മാറുമെന്നാണ് ലോകബാങ്കിന്റെ ഒക്ടോബർ മാസത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലെ പ്രവചനം. ഈ വർഷം സുൽത്താനേറ്റ് 3.1 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നും, അനുകൂല സാഹചര്യം തുടർന്നാൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.1 ശതമാനം ബജറ്റ് മിച്ചം കൈവരിക്കാൻ രാജ്യത്തിന് സാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എണ്ണ ഉൽപാദനത്തിലെ വർധനവ്, ശക്തമായ സർക്കാർ നിക്ഷേപങ്ങൾ, ഒമാന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവയാണ് ഈ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന് കരുത്തേകുന്നത്. യുദ്ധസാഹചര്യങ്ങൾ മേഖലയിലെ ഊർജ വിതരണത്തെയും വ്യാപാരത്തെയും ബാധിച്ചപ്പോൾ, ഹോർമൂസ് കടലിടുക്കിന് പുറത്തുള്ള ഒമാന്റെ ആഴക്കടൽ തുറമുഖങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്കുള്ള എണ്ണ, വളം കയറ്റുമതി തടസ്സമില്ലാതെ തുടരാൻ സഹായകമായി. ഒപെക് പ്ലസ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ എണ്ണമേഖലയിൽ നാല് ശതമാനത്തിലധികം വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. നിർമാണ-സേവന മേഖലകളിലെ മുന്നേറ്റവും സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടുന്നുണ്ടെങ്കിലും, മേഖലയിലെ അസ്ഥിരത നീണ്ടുനിന്നാൽ അത് ടൂറിസം, ലോജിസ്റ്റിക്‌സ് മേഖലകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന മുന്നറിയിപ്പും ലോകബാങ്ക് പങ്കുവെക്കുന്നുണ്ട്.