ഇവിടെയെല്ലാം സമാർട്ടല്ലേ...; കപ്പൽ ഇടപാടുകൾ ഡിജിറ്റലാക്കാൻ ഒമാൻ

'മാരിടൈം ഗേറ്റ്' രണ്ടാം ഘട്ടത്തിന് തുടക്കമായി

Update: 2026-07-08 11:37 GMT

മസ്കത്ത്: രാജ്യത്തെ സമുദ്ര ഗതാഗത-വാണിജ്യ മേഖലയിലെ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിനുള്ള 'ഒമാൻ മാരിടൈം ഗേറ്റ്' പ്ലാറ്റ്‌ഫോമിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് കപ്പൽ രജിസ്‌ട്രേഷൻ, ലൈസൻസിങ്, സർട്ടിഫിക്കറ്റ് വിതരണം എന്നിവ കൂടുതൽ വിപുലീകരിച്ചുകൊണ്ടുള്ള പദ്ധതി പുറത്തിറക്കിയത്. കപ്പൽ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും ഈ രംഗത്തെ മറ്റ് പങ്കാളികൾക്കും സുഗമവും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കുകയാണ് പുതിയ ഘട്ടത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

മാരിടൈം ഗേറ്റിന്റെ രണ്ടാം ഘട്ടത്തിൽ കപ്പൽ വ്യവസായ രംഗത്തുള്ളവർക്കായി നിരവധി ഓൺലൈൻ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒമാന്റെ കപ്പലുകൾക്കായി 'ബെയർബോട്ട് രജിസ്‌ട്രേഷൻ' വഴി സർട്ടിഫിക്കറ്റുകൾ അനുവദിക്കും. കൂടാതെ 20 വർഷത്തിലധികം പഴക്കമുള്ള കപ്പലുകൾക്കും മറ്റ് മാരിടൈം യൂണിറ്റുകൾക്കും സ്ഥിരമായ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും നൽകും. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ താൽക്കാലികമായി റദ്ദാക്കാനും, പൂർണമായി റദ്ദാക്കാനും, പുനഃസ്ഥാപിക്കാനുമുള്ള സൗകര്യവും രണ്ടാം ഘട്ടത്തിൽ ലഭ്യമാകും. ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് അന്വേഷിച്ചറിയാനാകും. കപ്പലിന്റെ അളവുകളിൽ മാറ്റം വരുത്തൽ, എഞ്ചിൻ മാറ്റിവെക്കൽ, ഉടമസ്ഥാവകാശം കൈമാറൽ, പങ്കാളികളെ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യൽ എന്നിവയും ഇനി ഓൺലൈനായി ചെയ്യാം.

Advertising
Advertising

കപ്പൽ തകർച്ചയെത്തുടർന്നുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, ഇന്ധന ചോർച്ച മൂലമുണ്ടാകുന്ന മലിനീകരണ നാശനഷ്ടങ്ങൾ, ഓയിൽ മലിനീകരണ ബാധ്യത എന്നിവ കവർ ചെയ്യുന്ന ഇൻഷുറൻസ്, ഫിനാൻഷ്യൽ സെക്യൂരിറ്റി സർട്ടിഫിക്കറ്റുകളും ഇനി ഡിജിറ്റലായി ഇഷ്യൂ ചെയ്യാം. ഇതോടൊപ്പം നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (NOC) ഓൺലൈനായി നൽകാനും പുതുക്കാനും ഭേദഗതി വരുത്താനുമുള്ള സൗകര്യവുമുണ്ട്. കടലിൽ പോകുന്നതും പോകാത്തതുമായ കപ്പലുകൾക്കുള്ള 'മിനിമം സേഫ് മാനിങ്' സർട്ടിഫിക്കറ്റുകൾ, അതിവേഗ പാസഞ്ചർ ഫെറികൾക്കുള്ള ഓപ്പറേറ്റിങ് പെർമിറ്റുകൾ, കണ്ടിന്യൂവസ് സിനോപ്സിസ് റെക്കോർഡുകൾ (CSR) എന്നിവയും ഈ പ്ലാറ്റ്‌ഫോം വഴി ഇനി ലഭ്യമാകും.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News