തട്ടിപ്പുകാരെ തറപറ്റിക്കാൻ 'തറസ്'; ഏകീകൃത ഡിജിറ്റൽ സംവിധാനവുമായി ഒമാൻ ടി.ആർ.എ

തട്ടിപ്പുകൾ മുൻകൂട്ടി കണ്ടെത്താനും പരാതികൾ സമർപ്പിക്കാനും ഇതിലൂടെ സാധിക്കും

Update: 2026-07-08 11:01 GMT

മസ്കത്ത്: ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർ ഭീഷണികൾക്കും എതിരെ മുൻകരുതൽ സ്വീകരിക്കുന്നതിനുമായി 'തറസ്'ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ഒമാൻ. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയാണ് (TRA) ഈ സുപ്രധാന സംരംഭത്തിന് തുടക്കം കുറിച്ചത്. സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം ഒമാന്റെ സമഗ്രമായ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾക്ക് കരുത്തുപകരാൻ പുതിയ പ്ലാറ്റ്‌ഫോം സഹായിക്കും.

ഇലക്ട്രോണിക് തട്ടിപ്പുകളും ഡിജിറ്റൽ സുരക്ഷാ ഭീഷണികളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു ഏകീകൃത സംവിധാനമായാണ് 'തറസ്' പ്രവർത്തിക്കുക. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്വീകരിക്കാനും, ഡിജിറ്റൽ ഡാറ്റകൾ വിശകലനം ചെയ്യാനും, തട്ടിപ്പുകളുടെ രീതികൾ മുൻകൂട്ടി കണ്ടെത്താനും സാധിക്കും. ഇത് വഴി സൈബർ ഭീഷണികൾക്കെതിരെ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും ബന്ധപ്പെട്ട മറ്റ് സുരക്ഷാ അധികാരികളുമായി കൃത്യമായ ഏകോപനം ഉറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാപകമായിക്കൊണ്ടിരിക്കുന്ന നിരവധി ഡിജിറ്റൽ കുറ്റകൃത്യങ്ങളെയും ഹാനികരമായ ഓൺലൈൻ പ്രവർത്തനങ്ങളെയും തറസ് പ്ലാറ്റ്‌ഫോം നിരീക്ഷിക്കും.

Advertising
Advertising

പ്രാദേശികവും അന്തർദേശീയവുമായ സംശയാസ്പദമായ ഫോൺ നമ്പറുകൾ, വ്യാജ വെബ് ലിങ്കുകൾ, ഫിഷിങ് സന്ദേശങ്ങൾ, വ്യക്തിഹത്യ നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളും മോശം കമന്റുകളും, സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത ഡിജിറ്റൽ ഉള്ളടക്കങ്ങളും തെറ്റിധാരണ പരത്തുന്ന ഓൺലൈൻ പ്രസിദ്ധീകരണങ്ങളും പ്ലാറ്റ്ഫോമിൻ്‍റെ നിരീക്ഷണത്തിലാകും. പൊതുജനങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും സംശയാസ്പദമായ ഡിജിറ്റൽ നീക്കങ്ങളെയും ഓൺലൈൻ തട്ടിപ്പുകളെയും കുറിച്ച് പരാതി നൽകാൻ ഒരൊറ്റ ചാനലായി ഈ പ്ലാറ്റ്‌ഫോം മാറും. പുതിയ പ്ലാറ്റ്‌ഫോമിന്റെ വരവോടെ ഒമാന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ വിശ്വാസ്യത വർധിക്കുമെന്നും ഡിജിറ്റൽ സുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സൂചികകളിൽ ഒമാന്റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുമെന്നും ടിആർഎ കൂട്ടിച്ചേർത്തു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News