Writer - razinabdulazeez
razinab@321
മസ്കത്ത്: പുനരുപയോഗ ഊർജോൽപാദനം വർധിപ്പിക്കാൻ ഒരുങ്ങി ഒമാൻ. 2030 ഓടെ രാജ്യത്തെ വൈദ്യുതിയുടെ 30% പുനരുപയോഗ ഊർജത്തിൽ നിന്ന് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. കാറ്റിലും സൗരോർജത്തിലുമായി ഈ വർഷം വൻകിട പദ്ധതികൾ ആരംഭിക്കും.
എണ്ണയിതര വരുമാനം വർധിപ്പിച്ച് സാമ്പത്തിക വൈവിധ്യവൽക്കരണത്തിനൊപ്പം രാജ്യത്തെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യം. കാറ്റിലും സൗരോർജ്ജത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആറോളം പുതിയ പുനരുപയോഗ ഊർജ്ജ പദ്ധതികൾ ഈ വർഷം തന്നെയുണ്ടാകുമെന്ന് ഊർജ്ജ, ധാതു മന്ത്രി എഞ്ചിനീയർ സലേം ബിൻ നാസർ അൽ ഔഫി പ്രഖ്യാപിച്ചു. ഒമാന്റെ ശക്തമായ കാറ്റാടി ഊർജ്ജ സാധ്യതകൾ കണക്കിലെടുത്ത്, അടുത്ത ഘട്ടം കാറ്റാടി ഊർജ്ജ ഉൽപ്പാദനത്തിന് വലിയ പ്രാധാന്യം നൽകും. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലാണ് കാറ്റാടി വൈദ്യുതി പദ്ധതികൾ സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു. 2027 അവസാനത്തോടെ ഇത് പ്രവർത്തനക്ഷമമാകുമ്പോൾ, 2,000 മെഗാവാട്ടിലധികം വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയങ്ങളായ 'മനഹ് 1', 'മനഹ് 2' ഉം ഈ വർഷം ആദ്യമാണ് ഉദ്ഘാടനം ചെയ്തത്. ഏകദേശം 1,000 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ പ്രാരംഭ ഫലങ്ങൾ പ്രതീക്ഷകൾക്കപ്പുറത്താണ്. ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം തുടരുമെന്നും മന്ത്രി സൂചിപ്പിച്ചു.