ബലി പെരുന്നാൾ ആഘോഷത്തിലേക്ക് ഒമാനും; 645 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി

പള്ളികളിലും ഈദ് ഗാഹുകളിലും വിപുലമായ പെരുന്നാൾ നിസ്‌കാരങ്ങൾ സംഘടിപ്പിക്കും

Update: 2025-06-05 14:12 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: ബലി പെരുന്നാൾ ആഘോഷത്തിനായി ഒമാൻ ഒരുങ്ങി. രാജ്യമെങ്ങും പെരുന്നാൾ തിരക്കിലാണ്. ബലിയർപ്പിക്കാനുള്ള ഒരുക്കങ്ങൾ, പുതുവസ്ത്രങ്ങൾ വാങ്ങൽ, ഭക്ഷണ സാമഗ്രികൾ ശേഖരിക്കൽ തുടങ്ങിയവയുമായി നാടും നഗരവും സജീവമാണ്. പെരുന്നാൾ നിസ്‌കാരങ്ങൾക്കായി രാജ്യത്തെ മസ്ജിദുകൾ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് ഗാഹുകളിലും വിപുലമായ പെരുന്നാൾ നിസ്‌കാരങ്ങൾ സംഘടിപ്പിക്കും.

ഈ വർഷം സ്‌കൂൾ അവധിയും ബലി പെരുന്നാൾ ഒഴിവുദിനങ്ങളും ഒരുമിച്ച് വന്നത് പ്രവാസികൾക്ക് ആഘോഷങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പെരുന്നാൾ നിസ്‌കാരം നിസ് വ സുൽത്താൻ ഖാബൂസ് മസ്ജിദിൽ നടക്കും. രാജ കുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉപദേശകർ, സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, എന്നിങ്ങനെ നിരവധി പ്രമുഖർ സുൽത്താനോടൊപ്പം നിസ്വ സുൽത്താൻ ഖാബൂസ് മസ്ജിദിൽ പ്രാർഥനയിൽ പങ്കെടുക്കും.

ബലി പെരുന്നാളിനോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 645 തടവുകാർക്ക് പ്രത്യേക മാപ്പ് നൽകി. മാപ്പ് ലഭിച്ചവരിൽ ഒമാനി പൗരന്മാരും വിദേശ പൗരന്മാരും ഉൾപ്പെടുന്നു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ രാജക്കന്മാർക്കും നേതാക്കൾക്കും സുൽത്താൻ പെരുന്നാൾ ആശംസകൾ നേർന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News