ഒമാൻ കൈകോർത്തു; രണ്ടു കുഞ്ഞുങ്ങളുടെ ചികിത്സക്കായി രാജ്യവ്യാപകമായി സമാഹരിച്ചത് 37 കോടിയിലേറെ രൂപ

പ്രമുഖ വ്യവസായി ശൈയ്ഖ് സലേം മുസ്തഹിൽ അൽ മഷാനി നൽകിയ 4,05,000 റിയാൽ കാമ്പയിനിൽ നിർണായകമായി

Update: 2026-07-03 17:02 GMT

മസ്കത്ത്: ജാതി-മത-വർ​ഗ ഭേദമന്യേ പ്രവാസി സമൂഹവും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഒമാൻ കാരുണ്യപ്രവർത്തനത്തിൽ ചരിത്രം കുറിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ ചികിത്സക്കായി സമാഹരിച്ചത് 37 കോടിയിലേറെ രൂപയാണ്. ഗുരുതരമായ രോഗാവസ്ഥ നേരിടുന്ന അഹമ്മദ് അൽ അജ്മി, സലേം അൽ ഷിദി എന്നീ രണ്ട് ഒമാനി കുട്ടികളുടെ അടിയന്തര വിദേശ ചികിത്സയ്ക്കായി രാജ്യവ്യാപകമായി നടത്തിയ ധനസമാഹരണ കാമ്പയിനാണ് വൻ വിജയമായത്.

15 ലക്ഷത്തിലധികം ഒമാനി റിയാൽ, അതായത് ഏകദേശം 37 കോടിയിലധികം ഇന്ത്യൻ രൂപയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചത്. പ്രമുഖ വ്യവസായി ശൈയ്ഖ് സലേം മുസ്തഹിൽ അൽ മഷാനി ഒറ്റയ്ക്ക് നൽകിയ 4,05,000 റിയാലിന്റെ സംഭാവന കാമ്പയിനിൽ നിർണായകമായി. ആകെ 1,515,970 ഒമാനി റിയാലാണ് സമാഹരിക്കാനായത്. ഇതിൽ അഹമ്മദ് അൽ അജ്മിയുടെ ചികിത്സയ്ക്കായി 1.09 മില്യൺ റിയാലും, സലേം അൽ ഷിദിയുടെ ചികിത്സയ്ക്കായി 2.95 ലക്ഷം റിയാലും അനുവദിച്ചു.

ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ തുക ലഭിച്ചതിനാൽ, ബാക്കി വരുന്ന തുക മന്ത്രാലയത്തിന്റെ അംഗീകൃത നടപടിക്രമങ്ങളിലൂടെ മറ്റ് അർഹരായ രോഗികൾക്ക് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. സലാല വോളന്റിയർ ടീം, ഹയാ ചാരിറ്റി ടീം, താഖ ചാരിറ്റി ടീം, ഒമാനി ബഹ്ജ ഓർഫൻ സൊസൈറ്റി തുടങ്ങി നിരവധി സംഘടനകളും ആയിരക്കണക്കിന് വ്യക്തികളും ഈ ദൗത്യത്തിൽ പങ്കാളികളായി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News