ഒമാനിലെ ബാങ്കുകളിൽ ഇനി ആഭ്യന്തര പണമിടപാടുകൾക്ക് ഫീസില്ല
നല്ല തീരുമാനമെന്ന് ഉപഭോക്താക്കൾ
മസ്കത്ത്: ഒമാനിലെ ബാങ്കുകൾ ആഭ്യന്തര പണമിടപാടുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഫീസുകൾ ഒഴിവാക്കി. ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴി രാജ്യത്തിനകത്ത് പണം അയക്കുന്നത് സൗജന്യമാക്കിയതോടെ ഉപഭോക്താക്കൾക്ക് ഇനി യാതൊരു ചെലവുമില്ലാതെ പണമിടപാടുകൾ നടത്താനാവും. ഉപഭോക്താക്കൾക്ക് ഇതുവഴി സാമ്പത്തിക ഇടപാടുകൾ ലളിതമായി നടത്താനാകും. രാജ്യത്തെ ബാങ്കിങ് മേഖലയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. നേരത്തെ വ്യത്യസ്ത ബാങ്കുകൾക്കിടയിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കുന്നതിനെതിരെ ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പുതിയ തീരുമാനം സ്വാഗതാർഹമാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. പണമിടപാടുകൾക്കായി കറൻസിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഒമാന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾക്ക് ഈ നീക്കം കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.