ഒമാനി- സൗദി കോർഡിനേഷൻ കൗൺസിൽ; ആദ്യ യോഗം മസ്കത്തിൽ ചേർന്നു
ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങൾ യോഗം അവലോകനം ചെയ്തു.
മസ്കത്ത്: ഒമാനി- സൗദി കോർഡിനേഷൻ കൗൺസിലിന്റെ ആദ്യ യോഗം മസ്കത്തിൽ ചേർന്നു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങൾ യോഗം അവലോകനം ചെയ്തു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ഫർഹാൻ അൽ സൗദ് എന്നിവരുടെ സംയുക്ത അധ്യക്ഷതയിലായിരുന്നു യോഗം.
ഉഭയകക്ഷി ഏകോപനത്തെ പിന്തുണക്കേണ്ടതിന്റെയും വികസിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. സൗദി- ഒമാനി ബന്ധങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ മേഖലകളിലും നിക്ഷേപ സംരംഭങ്ങളിലും വാണിജ്യ വളർച്ചയിലും ഗുണപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ചടങ്ങിൽ സംസാരിച്ച ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
സൗദി- ഒമാനി ബന്ധം രണ്ട് രാജ്യങ്ങളുടെയും നേതൃത്വത്തിന് കീഴിൽ മികച്ചരീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പറഞ്ഞു. ഒമാനി- സൗദി കോർഡിനേഷൻ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് മേധാവികളും കൗൺസിലിൽ നിന്നുള്ള ഉപസമിതി തലവന്മാരും യോഗത്തിൽ പങ്കെടുത്തു.