2024-2025 സീസണിൽ 93,000 യാത്രക്കാർ: ഒമാന്റെ ചാർട്ടർ ടൂറിസം മേഖലയിൽ 26% വളർച്ച
80 ദശലക്ഷം ഡോളറിന്റെ വരുമാനം
മസ്‌കത്ത്: 2024-2025 ടൂറിസം സീസണിൽ ഒമാന്റെ ചാർട്ടർ വ്യോമയാന മേഖല 26 ശതമാനം വളർച്ച കൈവരിച്ചു. 93,000 യാത്രക്കാരാണ് സീസണിലെത്തിയത്. പൈതൃക, ടൂറിസം മന്ത്രാലയമാണ് 2024-2025 ടൂറിസം സീസണിലെ ചാർട്ടർ വ്യോമയാന മേഖലയിലെ പ്രധാന പ്രകടന സൂചകങ്ങൾ പുറത്തുവിട്ടത്. യാത്രക്കാരുടെ എണ്ണം, വിമാന സർവീസുകൾ, സാമ്പത്തിക നേട്ടം എന്നിവയിലെ ഗണ്യമായ വളർച്ചയാണ് ചൂണ്ടിക്കാട്ടിയത്.
അന്താരാഷ്ട്ര വിപണികളിൽ നിന്നാണ് 93,000 യാത്രക്കാർ രാജ്യത്തെത്തിയത്. 2023-2024 സീസണിനെ അപേക്ഷിച്ച് 26 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
താമസം, ഗതാഗതം, കാഴ്ചകൾ കാണൽ എന്നിവയിൽ നിന്ന് ചാർട്ടർ മേഖല 80 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക വരുമാനം നൽകി. വിമാനത്താവള ലാൻഡിംഗ്, ലേഓവർ, ഇന്ധനം നിറയ്ക്കൽ സേവനങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനത്തിന് പുറമേയാണിത്.
2024/2025 സീസണിൽ ആകെ 588 ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തി, മുൻ സീസണിൽ 466 വിമാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. കണക്റ്റിവിറ്റിയിലും ഡിമാൻഡിലുമുണ്ടായ വൻ വർധനവാണ് ഇത് കാണിക്കുന്നത്.
കിഴക്കൻ, മധ്യ യൂറോപ്യൻ വിപണികളിൽ ഒമാന്റെ ശക്തമായ ആകർഷണം സൂചിപ്പിക്കുന്നതാണ് ദേശീയത അനുസരിച്ചുള്ള യാത്രക്കാരുടെ കണക്കുകൾ.
ഏറ്റവും കൂടുതലെത്തിയ രാജ്യക്കാരും എണ്ണവും
- പോളണ്ട്: 31,800
- ചെക്ക് റിപ്പബ്ലിക്: 19,126
- ഇറ്റലി: 14,497
- സ്ലൊവാക്യ: 10,800
- ഹംഗറി: 8,100
- റൊമാനിയ: 5,323
- ഉസ്‌ബെക്കിസ്ഥാൻ: 1,930
- ബെലാറസ്: 1,500
- അർമേനിയ: 530
- ബൾഗേറിയ: 207
നിലവിലുള്ള വിപണികളിൽനിന്ന് ആവശ്യം വർധിച്ചുവരുന്നതും ബെലാറസിൽ നിന്നും ഉസ്‌ബെക്കിസ്ഥാനിൽ നിന്നും പുതിയ ചാർട്ടർ റൂട്ടുകൾ ചേർത്തതും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇൻബൗണ്ട് ടൂറിസം വർധിപ്പിക്കുന്നതിന് സ്‌പെയിൻ, റഷ്യ എന്നിവയുൾപ്പെടെ പുതിയ വിപണികളെ ആകർഷിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളും ചൂണ്ടിക്കാട്ടുന്നു.