ഒമാനിലെ വിദേശി ജനസംഖ്യയിൽ കുറവ്: വിദേശ ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു
ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെയുള്ള രണ്ടാഴ്ച കാലയളവിൽ മാത്രം 17912 വിദേശികൾ ഒമാൻ വിട്ടതായി കണക്കുകൾ
ഒമാനിലെ വിദേശി ജനസംഖ്യയിൽ കുറവ്. മൊത്തം ജനസംഖ്യയുടെ 37.10 ശതമാനമാണ് വിദേശികളുടെ എണ്ണം. സെപ്റ്റംബർ നാല് വരെയുള്ള കണക്കനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ ജനസംഖ്യ. ഇതിൽ 16.37 ലക്ഷമാണ് വിദേശികളുടെ എണ്ണം. മഹാമാരിയെ തുടർന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിന്‍റെ ഫലമായി കഴിഞ്ഞ രണ്ട് വർഷ കാലയളവിനിടയിൽ ഒമാനിലെ മൊത്തം ജനസംഖ്യയിൽ അഞ്ച് ശതമാനത്തിലേറെ കുറവാണ് ഉണ്ടായതെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
2017ൽ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിന് മുകളിലായിരുന്നു വിദേശികളുടെ എണ്ണം. ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെയുള്ള രണ്ടാഴ്ച കാലയളവിൽ മാത്രം 17912 വിദേശികൾ ഒമാൻ വിട്ടതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം 11.02 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയിലും 39306 പേർ സർക്കാർ മേഖലയിലുമാണ് ജോലിയെടുക്കുന്നത്.