ഒമിക്രോൺ: ഒമാനിൽ പൊതുപരിപാടികൾക്ക് വിലക്ക്
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികമായും രാജ്യാന്തര തലത്തിലെയും കോവിഡ് സാഹചര്യങ്ങളും സുപ്രീംകമ്മിറ്റി പരിശോധിച്ചു.
ഒമാനില്‍ പള്ളികളിലും ഹാളുകളിലും പൊതുസ്ഥലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നത് വിലക്കി സുപ്രീംകമ്മിറ്റി. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരും.
പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നതിനും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികമായും രാജ്യാന്തര തലത്തിലെയും കോവിഡ് സാഹചര്യങ്ങളും സുപ്രീംകമ്മിറ്റി പരിശോധിച്ചു.
സമൂഹത്തിലെ ചില വ്യക്തികള്‍, സാമൂഹിക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് അധികൃതര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിക്കുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായും സുപ്രീം കമ്മിറ്റി നിരീക്ഷിച്ചു.