ഒമാനിൽ പ്ലാസ്റ്റിക് നിരോധനം നാലാം ഘട്ടത്തിലേക്ക്
ജനുവരി ഒന്ന് മുതൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണം
Update: 2025-12-29 13:13 GMT
മസ്‌കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കുള്ള നിരോധനത്തിന്റെ നാലാം ഘട്ടം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പരിസ്ഥിതി അതോറിറ്റിയുടെ തീരുമാനപ്രകാരം നിർമാണ സാമഗ്രികൾ, പാത്രങ്ങൾ, ധാന്യങ്ങൾ, കാലിത്തീറ്റ, കാർഷിക വസ്തുക്കൾ, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകളിലാണ് പുതിയ വർഷം മുതൽ നിയന്ത്രണം വരുന്നത്. കൂടാതെ ഐസ്‌ക്രീം, മിഠായികൾ, ഈത്തപ്പഴം, തേൻ, ജ്യൂസ് എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലും ചെടി വളർത്തുന്ന നഴ്സറികളിലും ഇനി മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കാൻ പാടില്ല. നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മസ്‌കത്ത് ഗവർണറേറ്റിലെ ഷോപ്പിങ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയും എൻവയറോൺമെന്റ് അതോറിറ്റിയും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്.