പ്ലാസ്റ്റിക് ഔട്ട്!; ഒമാനിൽ പ്ലാസ്റ്റിക് കവർ നിരോധനത്തിന്റെ നാലാം ഘട്ടം ജനുവരി 1 മുതൽ
നിർമാണം, കൃഷി, ഭക്ഷ്യ റീട്ടെയിൽ മേഖലകളിലാണ് പുതിയ ഘട്ട നിരോധനം
മസ്കത്ത്: പ്ലാസ്റ്റിക് കവർ നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. നിരോധനത്തിന്റെ നാലാം ഘട്ടമായി നിർമാണം, കൃഷി, ഭക്ഷ്യ റീട്ടെയിൽ മേഖലകൾ എന്നിവയിലേക്ക് ജനുവരി ഒന്നു മുതൽ നിരോധനം വ്യാപിപ്പിക്കും.
നാലാം ഘട്ടത്തിൽ നിർമാണ സാമഗ്രി കടകൾ, പാത്രവിൽപനശാലകൾ, മൃഗങ്ങളുടെ തീറ്റയും കൃഷി ഉപകരണങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾ, ഐസ്ക്രീം-സ്നാക്ക് വിൽപനക്കാർ, ജ്യൂസ് ഷോപ്പുകൾ, ഗ്രിൽ-സ്കീവർ കടകൾ, മില്ലുകൾ, തേൻ-ഈന്തപ്പഴ വിൽപനക്കാർ, വാട്ടർ ഫിൽട്ടർ-പമ്പ് റീട്ടെയിലർമാർ, സർവീസ് സെന്ററുകൾ, ഇറിഗേഷൻ സിസ്റ്റം വിതരണക്കാർ, പെറ്റ് ഷോപ്പുകൾ, നഴ്സറികൾ തുടങ്ങിയ വ്യാപാര-സേവന മേഖലകളിലും നിരോധനം ബാധകമാകും.
ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിൽ ആരംഭിച്ച ഘട്ടം ഘട്ടമായുള്ള നിരോധനം തിരഞ്ഞെടുത്ത റീട്ടെയിൽ കടകളിലേക്കും പിന്നീട് ഷോപ്പിങ് മാളുകളിലേക്കും വലിയ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരുന്നു. മുൻ ഘട്ടങ്ങൾ പ്ലാസ്റ്റിക് ബാഗ് ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി അവബോധം വർധിപ്പിക്കാനും പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കാനും സഹായിച്ചതായി പരിസ്ഥിതി അതോറിറ്റി വിലയിരുത്തി.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ പരിസ്ഥിതി പ്രത്യാഘാതങ്ങൾ കുറയ്ക്കുകയും കര-സമുദ്ര ആവാസവ്യവസ്ഥകളെ സംരക്ഷിക്കുകയും ജൈവവൈവിധ്യം നിലനിർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പുനരുപയോഗിക്കാവുന്ന സുസ്ഥിര ബദലുകളിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. നിരോധനം നടപ്പാക്കുന്നതിന് മുമ്പ് അംഗീകൃത ബദലുകൾ ഒരുക്കാൻ ബാധിക്കപ്പെടുന്ന വ്യാപാരികളോട് അതോറിറ്റി നിർദേശിച്ചു. അവബോധ പ്രചാരണംവും പരിശോധനകളും തുടരുമെന്ന് അധികൃതർ അറിയിച്ചു.