ഒമാൻ-യു.എ.ഇ റെയിൽവേ പദ്ധതിയുടെ മുന്നൊരുക്ക പ്രവർത്തനം ആരംഭിച്ചു

ഹഫീത് റെയിൽ കമ്പനി പ്രവർത്തനം തുടങ്ങിയതായി ഒമാൻ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്

Update: 2024-05-15 11:09 GMT

മസ്‌കത്ത്: ഒമാനി-എമിറാത്തി റെയിൽവേ ശൃംഖലയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് ഹഫീത് റെയിൽ കമ്പനി തുടക്കമിട്ടു. ഹഫീത് റെയിൽ കമ്പനി പ്രവർത്തനം തുടങ്ങിയതായി ഒമാൻ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

'ഒമാനി-എമിറാത്തി റെയിൽവേ ശൃംഖലയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഹഫീത് റെയിൽ കമ്പനി ആരംഭിച്ചു, 60 പാലങ്ങളുടെ നിർമാണം ഉൾപ്പെടുന്നതാണ് പദ്ധതി. രണ്ട് രാജ്യങ്ങളിലുമായി അഞ്ച് പ്രധാന തുറമുഖങ്ങളെയും സ്വതന്ത്ര വ്യാവസായ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാനും പദ്ധതി സഹായിക്കും.' ഒമാൻ ന്യൂസ് ഏജൻസി (ഒ.എൻ.എ) റിപ്പോർട്ട് ചെയ്തു.

Advertising
Advertising

ഭൂപ്രദേശത്തിന്റെ ഘടനയും കാലാവസ്ഥയും പരിഗണിച്ച് നൂതന എഞ്ചിനീയറിംഗ് സൊല്യൂഷനുകൾ ഉപയോഗിച്ചാണ് റെയിൽവേ ശൃംഖല രൂപകൽപന ചെയ്തത്. 2.5 കിലോമീറ്റർ നീളമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ 34 മീറ്റർ വരെ ഉയരം വരുന്ന ചില പാലങ്ങളും ഇതിൽപ്പെടുന്നുണ്ട്.

സുഹാറിലും അൽ ഐനിലും പാസഞ്ചർ സ്റ്റേഷനുകളും ബുറൈമി, സുഹാർ, അൽ ഐൻ എന്നിവിടങ്ങളിൽ ചരക്ക് സ്റ്റേഷനുകളുമുണ്ടാകും. സുഹാറിനും അബൂദബിക്കുമിടയിലുള്ള ദൂരം 100 മിനിറ്റിനുള്ളിൽ ട്രെയിൻ മറികടക്കും. അതേസമയം, സുഹാറിനും അൽ ഐനിനും ഇടയിലുള്ള 238 കിലോമീറ്റർ ദുരം 47 മിനുട്ട് കൊണ്ട് മറികടക്കാനാകുമെന്നും എഞ്ചിനീയർ അബ്ദുൽ റഹ്‌മാൻ പറഞ്ഞു.

ഒരു ട്രെയിൻ യാത്രയിൽ 25,000 ടണ്ണിലധികം സാധാരണ ചരക്കോ അല്ലെങ്കിൽ 270 ലധികം സ്റ്റാൻഡേർഡ് കണ്ടെയ്നറുകളോ കയറ്റി അയക്കാൻ സാധിക്കും. മറ്റ് ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് ഇതിലൂടെ കാർബൺ ബഹിർഗമനം 10 മടങ്ങ് കുറക്കാമെന്നും പദ്ധതിയിലൂടെ വൻ സാമ്പത്തിക ലാഭമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരക്ക് ട്രെയിനിന്റെ വേഗത മണിക്കൂറിൽ 120 കീലോമീറ്ററും പാസഞ്ചർ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 200 കിലോമീറ്ററുമായിരിക്കും. മറ്റ് ഗതാഗത മാർഗങ്ങളെ അപേകഷിച്ച് ചരക്ക് ഗതാഗത ചെലവിൽ 35 മുതൽ 40 ശതമാനം വരെ ലാഭം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ സുഹാറിൽ നിന്നും അബൂദബിയിലേക്കുള്ള കടൽ മാർഗമുള്ള ചരക്കുനീക്കത്തിന്റെ 80 ശതമാനം സമയവും ലാഭിക്കാനാകും. അതേസമയം, ട്രക്കുവഴിയുള്ള ചരക്കുനീക്കത്തിന്റെ 50 ശതമാനം വരെ സമയവും ലാഭിക്കാനാകും.



Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News