Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്‌കത്ത്: ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ഒമാനിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളെയും ബാധിച്ചേക്കും. ഈ മാസം 28 മുതൽ 30 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബാങ്ക് ശാഖകളുടെ പ്രവർത്തനം നിലയ്ക്കുന്നതിനാൽ പണമിടപാടുകളുടെ പ്രോസസിങ്ങിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ട്. ഒമാനിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വഴി ഇന്ത്യയിലേക്ക് പണമയക്കുന്നതിന് നേരിട്ട് തടസ്സമുണ്ടാകില്ലെങ്കിലും, പണം സ്വീകരിക്കുന്ന ഇന്ത്യൻ ബാങ്കുകളുടെ ഭാഗത്തുള്ള നടപടികൾ വൈകിയേക്കാം. അതിനാൽ അടിയന്തര ആവശ്യങ്ങൾക്കുള്ള പണമിടപാടുകൾ പണിമുടക്ക് ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കുന്നത് പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കും.
പണിമുടക്ക് ദിവസങ്ങളിലും യു പി ഐ, ഇന്റർനെറ്റ് ബേങ്കിംഗ്, മൊബൈൽ ബേങ്കിംഗ്, എ ടി എം തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ബാങ്ക് ശാഖകൾ വഴി നടത്തേണ്ട ഇടപാടുകൾക്ക് നിയന്ത്രണമുണ്ടാകാം. മറ്റ് ബാങ്കുകളുടെ എ ടി എമ്മുകൾ ഉപയോഗിക്കുന്ന ഇടപാടുകാർക്ക് സെപ്റ്റംബർ 28 മുതൽ 30 വരെ അധിക നിരക്കുകൾ ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായ വാരാന്ത്യ അവധിയും പണിമുടക്കും കണക്കിലെടുത്ത് ഇന്ന് (ഞായര്‍) ഇന്ത്യയിലെ പൊതുമേഖലാ ബേങ്കുകളും ഗ്രാമീണ ബേങ്കുകളും പ്രവർത്തിക്കും. എസ് ബി ഐ ഉൾപ്പെടെയുള്ള പ്രധാന പൊതുമേഖലാ ബേങ്കുകളുടെ ശാഖകൾ അന്നേ ദിവസം തുറക്കും. സ്വകാര്യ ബേങ്കുകളുടെ പ്രവർത്തനക്രമം വ്യത്യസ്തമായിരിക്കാമെന്നതിനാൽ ഇടപാടുകാർ അതത് ബാങ്കുകളിൽ നിന്ന് വിവരങ്ങൾ ഉറപ്പാക്കണം.
അഞ്ചു ദിവസത്തെ ബേങ്കിംഗ് വാരം നടപ്പാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയൻസ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 30ന് നിരവധി ബാങ്കുകളുടെ അർധവാർഷിക ക്ലോസിംഗ് നടപടികളും നടക്കുന്നതിനാൽ ഇടപാടുകളിലെ കാലതാമസം വർധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലേക്ക് പണമയക്കാനോ നാട്ടിലെ ബേങ്ക് ശാഖകളിൽ അടിയന്തര ഇടപാടുകൾ നടത്താനോ ഉദ്ദേശിക്കുന്ന ഒമാൻ പ്രവാസികൾ തീയതികൾ ശ്രദ്ധിച്ച് ഇടപാടുകൾ നേരത്തേ പൂർത്തിയാക്കുന്നത് ഉചിതമായിരിക്കും.