ഒമാനിൽ ഇനി ചെലവ് കുറയും; അവശ്യ ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും വാറ്റ് ഒഴിവാക്കി

ഇളവുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി

Update: 2026-09-27 15:01 GMT

മസ്കത്ത്: ഒമാനിൽ പൊതുജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും സാമൂഹിക സുരക്ഷാ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ ഉൽപന്നങ്ങളെ മൂല്യവർധിത നികുതിയിൽ(VAT) നിന്ന് ഒഴിവാക്കി. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വൈദ്യശാസ്ത്ര ഉപകരണങ്ങൾ, മൃഗചികിത്സയ്ക്കുള്ള മരുന്നുകൾ, ഉപകരണങ്ങൾ എന്നിവയ്ക്കാണ് പുതിയ തീരുമാനം അനുസരിച്ച് 'സീറോ ശതമാനം വാറ്റ്' ബാധകമാക്കിയത്.

ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ ഭരണനിർവഹണ തീരുമാനങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്. ആരോഗ്യ, കാർഷിക, മൃഗസംരക്ഷണ മേഖലകളെ പിന്തുണയ്ക്കുന്നതിനും വിപണിയിൽ അത്യാവശ്യ സാധനങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.

Advertising
Advertising

തീരുമാനങ്ങളിലെ പ്രധാന വിവരങ്ങൾ 

അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ: വളർത്തുന്നതിനും അറക്കുന്നതിനുമായി കൊണ്ടുവരുന്ന പശു, ആട്, ഒട്ടകം, കോഴി തുടങ്ങിയ കന്നുകാലികൾ, ഇവയുടെ മാംസം (ഫ്രഷ്, ചിൽഡ്, ഫ്രോസൺ, കട്ട്സ്), മത്സ്യം, മറ്റ് സമുദ്രവിഭവങ്ങൾ എന്നിവയ്ക്ക് വാറ്റ് ഉണ്ടാകില്ല. ഇതിനുപുറമെ പാൽ, തൈര്, ലബ്നെ, വെണ്ണ, വിവിധതരം ചീസുകൾ, മുട്ട, പച്ചക്കറികൾ, പഴവർ​ഗങ്ങൾ, ധാന്യങ്ങൾ, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെയും നികുതിയിൽ നിന്ന് ഒഴിവാക്കി.

മനുഷ്യർക്കുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും: മരുന്നുകൾ, ഹെർബൽ ഉൽപന്നങ്ങൾ, വൈറ്റമിനുകൾ, കുട്ടികളുടെ പാലുൽപന്നങ്ങൾ, ആന്റിബയോട്ടിക്കുകൾ, വാക്സിനുകൾ, ബ്ലഡ് സിറം, ഡെന്റൽ ഉൽപന്നങ്ങൾ, ഓക്സിജൻ ഗ്യാസ്, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കാണ് അഞ്ചുശതമാനം വാറ്റ് ഒഴിവാക്കിയത്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കസ്റ്റംസ് താരിഫ് കോഡ് ഉള്ള ഉൽപന്നങ്ങൾക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

മൃഗചികിത്സാ ഉൽപന്നങ്ങൾ: മൃഗസംരക്ഷണ, കാർഷിക മേഖലകളിലെ ചെലവുകൾ കുറയ്ക്കുന്നതിനായി വെറ്ററിനറി വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, ജീവകങ്ങൾ, മിനറലുകൾ, മൃഗ പരിശോധനയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കും സീറോ ശതമാനം വാറ്റ് പ്രഖ്യാപിച്ചു. ഇതിന് കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ പെർമിറ്റ് നിർബന്ധമാണ്.

നേരത്തെയുണ്ടായിരുന്ന ഭരണനിർവഹണ തീരുമാനങ്ങൾക്ക് പകരമായാണ് ഏകീകൃത രൂപത്തിലുള്ള പുതിയ ഉത്തരവുകൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ നടപടി രാജ്യത്തെ വിപണിയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News