സംഘർഷം ഇല്ലാതാക്കാനുള്ള ഒമാന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ സന്ദേശം സയ്യിദ് ബദർ ഗുട്ടെറസിന് കൈമാറി

Update: 2026-09-27 09:30 GMT

മസ്കത്ത്: മേഖലയിൽ സംഘർഷം ഇല്ലാതാക്കാനുള്ള ഒമാന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. യുഎൻ ആസ്ഥാനത്ത് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുട്ടെറസ് ഒമാന്റെ നയതന്ത്ര നീക്കങ്ങളെ പ്രശംസിച്ചത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ സന്ദേശം സയ്യിദ് ബദർ ഗുട്ടെറസിന് കൈമാറി.

വ്യത്യസ്ത വീക്ഷണങ്ങളുള്ള രാജ്യങ്ങൾ തമ്മിൽ ചർച്ചകൾക്ക് കളമൊരുക്കാനും തർക്കങ്ങൾ പരിഹരിക്കാനും സുൽത്താനേറ്റ് നടത്തുന്ന ഇടപെടലുകൾ വിലമതിക്കാനാവാത്തതാണെന്ന് ​ഗുട്ടെറസ് പറഞ്ഞു. യുഎന്നിന്റെ സമാധാന-മാനുഷിക ദൗത്യങ്ങൾക്ക് ഒമാൻ നൽകിവരുന്ന ശക്തമായ പിന്തുണയെ സെക്രട്ടറി ജനറൽ പ്രത്യേകം എടുത്തു പറഞ്ഞു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പ്രതിസന്ധികൾ ലഘൂകരിക്കാനുള്ള നയതന്ത്ര വഴികളും ചർച്ചയായി. പശ്ചിമേഷ്യൻ മേഖലയിൽ സുസ്ഥിരമായ സമാധാനാന്തരീക്ഷം രൂപപ്പെടുത്തുന്നതിന് പരസ്പര വിശ്വാസം വളർത്തേണ്ടതുണ്ടെന്നും, ഇതിനായി ഒമാനും യുഎന്നും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുമെന്നും ഇരുപക്ഷവും വ്യക്തമാക്കി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ സന്ദേശം സയ്യിദ് ബദർ ഗുട്ടെറസിന് കൈമാറി. അതേസമയം സംഘർഷങ്ങൾ ലഘൂകരിക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് സയ്യിദ് ബദർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ന്യൂയോർക്കിൽ ചർച്ച നടത്തി. മേഖലയിലെ സമാധാനം നിലനിർത്തുന്നതിന് നയതന്ത്ര ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. പ്രശ്‌നപരിഹാരത്തിന് പ്രായോഗികമായ സമവായ മാർഗങ്ങൾ കണ്ടെത്തണമെന്നും എല്ലാ കക്ഷികളുടെയും താൽപ്പര്യങ്ങൾ മാനിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ആവശ്യമെന്നും മന്ത്രിമാർ വ്യക്തമാക്കി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News