'തർക്കങ്ങൾ പരിഹരിക്കാൻ ഒമാൻ നടത്തുന്ന നീക്കങ്ങൾ പ്രശംസനീയം'; യു.എൻ സെക്രട്ടറി ജനറൽ
ഒമാൻ സുൽത്താന്റെ സന്ദേശം ഗുട്ടറസിന് കൈമാറി
ന്യൂയോർക്ക്: അന്താരാഷ്ട്ര തലത്തിൽ സമാധാനവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാൻ സ്വീകരിക്കുന്ന നിഷ്പക്ഷമായ നിലപാടുകളെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുട്ടെറസ് ഒമാന്റെ നയതന്ത്ര നീക്കങ്ങളെ പ്രശംസിച്ചത്. വ്യത്യസ്ത വീക്ഷണങ്ങളുള്ള രാജ്യങ്ങൾ തമ്മിൽ ചർച്ചകൾക്ക് കളമൊരുക്കാനും തർക്കങ്ങൾ പരിഹരിക്കാനും സുൽത്താനേറ്റ് നടത്തുന്ന ഇടപെടലുകൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ സന്ദേശം സയ്യിദ് ബദർ ഗുട്ടെറസിന് കൈമാറി. യുഎന്നിന്റെ സമാധാന-മാനുഷിക ദൗത്യങ്ങൾക്ക് ഒമാൻ നൽകിവരുന്ന ശക്തമായ പിന്തുണയെ സെക്രട്ടറി ജനറൽ പ്രത്യേകം എടുത്തുപറഞ്ഞു.
മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പ്രതിസന്ധികൾ ലഘൂകരിക്കാനുള്ള നയതന്ത്ര വഴികളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ചയായി. സംഘർഷ മേഖലകളിൽ സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരിതബാധിതർക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും മുൻഗണന നൽകണമെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യൻ മേഖലയിൽ സുസ്ഥിരമായ സമാധാനാന്തരീക്ഷം രൂപപ്പെടുത്തുന്നതിന് പരസ്പര വിശ്വാസം വളർത്തേണ്ടതുണ്ടെന്നും, ഇതിനായി ഒമാനും യുഎന്നും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുമെന്നും ഇരുപക്ഷവും വ്യക്തമാക്കി.