പശ്ചിമേഷ്യൻ പ്രതിസന്ധി: ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി ഒമാൻ-ഇറാൻ വിദേശകാര്യ മന്ത്രിമാർ
ന്യൂയോർക്ക്: പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സംഘർഷങ്ങൾ ലഘൂകരിക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ഒമാനും ഇറാനും തമ്മിൽ ഉന്നതതല ചർച്ച. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിനിടെയാണ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നിർണായക കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ സമാധാനം നിലനിർത്തുന്നതിന് നയതന്ത്ര ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്‌നപരിഹാരത്തിന് പ്രായോഗികമായ സമവായ മാർഗങ്ങൾ കണ്ടെത്തണമെന്നും എല്ലാ കക്ഷികളുടെയും താൽപ്പര്യങ്ങൾ മാനിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ആവശ്യമെന്നും മന്ത്രിമാർ വ്യക്തമാക്കി.
ആഗോള സമ്പദ് വ്യവസ്ഥയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനും സുപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ സഞ്ചാര സ്വാതന്ത്ര്യവും സമുദ്ര സുരക്ഷയും ചർച്ചയിൽ പ്രധാന വിഷയമായി മാറി. ലോകത്തെ ഊർജ വിതരണ ശൃംഖലയെ ബാധിക്കാത്ത വിധത്തിൽ കടൽപ്പാത സുരക്ഷിതമാക്കാൻ സംയുക്ത ശ്രമങ്ങൾ അനിവാര്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തി.