ഒമാനിൽ വാഹനാപകടങ്ങളും ഇൻഷുറൻസ് ക്ലെയിമുകളും ഉയരുന്നു; നഷ്ടപരിഹാര തുക 25 ദശലക്ഷം റിയാൽ കടന്നു
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.8 ശതമാനത്തിന്റെ വർധനവാണിത്
മസ്കത്ത്: ഒമാനിൽ ഇൻഷുറൻസ് കമ്പനികളിൽ രജിസ്റ്റർ ചെയ്ത വാഹനാപകടങ്ങളുടെ എണ്ണത്തിലും നഷ്ടപരിഹാര തുകയിലും വർധനവ്. ഈ വർഷം രണ്ടാം പാദത്തിൽ അപകട നഷ്ടപരിഹാര തുക 19 ശതമാനം വർധിച്ച് 25.1 ദശലക്ഷം റിയാലിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.8 ശതമാനത്തിന്റെ വർധനവാണിത്
ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ 21,700-ഓളം അപകടങ്ങളാണ് ഇൻഷുറൻസ് കമ്പനികളിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 18,900 അപകടങ്ങളെ അപേക്ഷിച്ച് 14.8 ശതമാനത്തിന്റെ വർധനവാണിത്. അപകടങ്ങളുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനികൾക്ക് മുന്നിലെത്തിയ ആകെ ക്ലെയിമുകളിൽ 7.2 ശതമാനത്തിന്റെ വർധനവുണ്ടായി. ആകെ ക്ലെയിമുകളുടെ എണ്ണം 22,000 കടന്നു. ചെറിയ അപകടങ്ങൾക്കുള്ള ക്ലെയിമുകൾ 12.5 ശതമാനം ഉയർന്നപ്പോൾ, വാഹനം തകർന്നുള്ള ഗുരുതര അപകടങ്ങളുടെ ക്ലെയിമുകളിൽ 11.9 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
എന്നാൽ, പരിക്കുകളും ചികിത്സാ ചെലവുകളുമായി ബന്ധപ്പെട്ട ക്ലെയിമുകൾ 4 ശതമാനം വർധിച്ച് 3,200 ആയി, മരണപ്പെട്ടവരുമായി ബന്ധപ്പെട്ട ക്ലെയിമുകൾ 83-ൽ നിന്ന് 80 ആയി കുറഞ്ഞു. ഡ്രൈവിംഗിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെയും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെയും ആവശ്യകതയാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.